കൊച്ചി: കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്കുള്ള പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി രാജ്യത്തെ പ്രമുഖ ഇ-ഗവേണന്‍സ് സ്ഥാപനമായ പ്രോട്ടിയന്‍ (പഴയ എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ്) 'പ്രോട്ടിയന്‍ ക്ലിനിക്' എന്ന പേരില്‍ ആരോഗ്യ സംരക്ഷണ പരിഹാരം അവതരിപ്പിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെ (ഐഎപി) പദ്ധതികളോടു സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്.
ഇതനുസരിച്ച് ഐഎപിയിലെ മുപ്പത്തിയ്യായിരത്തിലധികം വരുന്ന പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റെല്ലാം ഒപിഡി ക്ലിനിക്കുകള്‍ക്കും ഈ സംവിധാനം ലഭ്യമാക്കും. ഇതുപയോഗിച്ച് നേരത്തെയുള്ള രോഗനിര്‍ണയം, വിദഗ്ധ ചികിത്സ എന്നിവയ്ക്കു സാധിക്കുമെന്നു മാത്രമല്ല, രോഗികളുമായി മികച്ച തോതില്‍ നേരത്തെ ഇടപെടാനും സാധിക്കും. ഇതുവഴി രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനും സാധിക്കും. വീട്ടിലും ക്ലിനിക്കലും ഒരേപോലെ ഇത് ഉപയോഗപ്പെടുത്താനാകും.
ഈ സിസ്റ്റം ഉപയോഗിക്കുന്ന ഒപിഡി ക്ലിനിക്കുകളെ പ്രോട്ടിയന്‍-സര്‍ട്ടിഫൈഡ് സ്മാര്‍ട്ട് ക്ലിനിക്കുകളായി സാക്ഷ്യപ്പെടുത്തും. ഇവിടെനിന്നും ഉയര്‍ന്ന സ്വകാര്യതയും സുരക്ഷാ മാനദണ്ഡങ്ങളും ഉള്ള പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കും. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനുമായി പ്രോട്ടിയന്‍ നെറ്റ്വര്‍ക്കിനെ ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് കൃത്യവും തത്സമയവുമായ സാംക്രമികരോഗ വിവരങ്ങള്‍ ലഭ്യമാക്കുന്നു. അങ്ങനെ രാജ്യവ്യാപകമായി ആരോഗ്യപരിപാലന നയവും മാനദണ്ഡങ്ങളും ശാക്തീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
പല കാരണങ്ങളാലും ഇന്ത്യക്കാര്‍ക്ക് വൈകിയതോ തെറ്റായതോ ആയ രോഗനിര്‍ണയവും ചികിത്സയും ലഭിക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയം, പ്രാഥമിക ചികിത്സ, വിദഗ്ധചികിത്സയ്ക്കുള്ള സമയോചിത റഫറല്‍ തുടങ്ങിയവ രോഗികള്‍ക്കു പ്രോട്ടിയന്‍ ക്ലിനിക്ക് ലഭ്യമാക്കുന്നു.
കൃത്യസമയത്ത് പരിശോധനകള്‍ നടത്താനും, നേരത്തെയുള്ള രോഗനിര്‍ണയം നടത്താനും, വിദഗ്ധ ചികിത്സ ലഭ്യമാക്കുവാനും പ്രോട്ടിയന്‍ ക്ലിനിക്ക് ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്നു.
44,000-ലധികം ലൊക്കേഷനുകളുള്ള ക്യാപ്റ്റീവ് നെറ്റ്വര്‍ക്ക് ഉപയോഗിച്ച് പതിനായിരക്കണക്കിന് പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരെ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സജ്ജമാക്കുവാനും പ്രോട്ടിയന്‍ ലക്ഷ്യമിടുന്നത്.
വിദൂര ശാരീരിക പരിശോധനകള്‍, വെല്‍നസ് സന്ദര്‍ശനങ്ങള്‍, ദ്രുത രോഗനിര്‍ണയം, രോഗീനിരീക്ഷണം തുടങ്ങിയ സേവനങ്ങള്‍ വീട്ടിലെത്തിക്കുവാന്‍ ഒപിഡി ക്ലിനിക്കുകളെ പ്രാപ്തമാക്കുമെന്ന് പ്രോട്ടിയന്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരേഷ് സേത്തി പറഞ്ഞു. ശക്തമായ സാങ്കേതിക അടിസ്ഥാനസൗകര്യത്തിന്‍റെ പിന്‍ബലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.