തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാകും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നകള്‍ വാങ്ങാന്‍ സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കുന്നു.
സമീപ ഭാവിയില്‍ ഒ.പി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കുന്നു. ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ലഭ്യമാകുന്നു. ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയും.