സൈജു കുറുപ്പിന്റെയും ഭാവനയുടേയും സിനിമകൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അഭിലാഷം ആണ് സൈജു കുറുപ്പിന്റെ ചിത്രം. ഹൊറര്‍ ത്രില്ലര്‍ ഹണ്ട് ആണ് ഭാവനയുടേത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് അഭിലാഷം സ്ട്രീമിംഗ് ആരംഭിച്ചതെങ്കിൽ മനോരമ മാക്സിലൂടെയാണ് ഹണ്ട് എത്തിയിരിക്കുന്നത്.
എമ്പുരാനെത്തി രണ്ട് ദിവസം കഴിഞ്ഞ് റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
പുതുമയോടെ പ്രണയം പറയുന്ന ഒരു സിനിമയാണ് അഭിലാഷം എന്നാണ് അഭിപ്രായങ്ങള്‍. സെക്കന്റ് ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.