ഹൈദരാബാദ് : സന്ധ്യ തിയറ്ററിലെ പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട ദുരന്തം സംഭവിച്ചിട്ട് രണ്ടാഴ്ചയായി. ഒരു സ്ത്രീ മരിക്കുകയും അവളുടെ ഇളയ മകന്‍ ഗുരുതരമായ ആശുപത്രിയിലാക്കുകയും ചെയ്തു. സംഭവത്തില്‍ തിക്കുംതിരക്കിനും കാരണമായി എന്ന് ആരോപിച്ച് പുഷ്പ 2 നായകന്‍ അല്ലു അർജുനെ തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
അതേ പുഷ്പ 2 പ്രീമിയര്‍ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചതിന് ശേഷം അല്ലു അര്‍ജുന്‍റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് മാധ്യമങ്ങളോട് സംസാരിച്ചു. “ഞാൻ ശ്രീ തേജിനെ ഐസിയുവിൽ സന്ദർശിച്ചു. ഞാൻ അവനെ നോക്കുന്ന ഡോക്ടർമാരോട് സംസാരിച്ചു. കഴിഞ്ഞ 10 ദിവസമായി കുട്ടി സാവധാനത്തിൽ സുഖം പ്രാപിക്കുന്നു, പക്ഷേ ഇതിന് കൂടുതൽ സമയമെടുത്തേക്കാം. അവനെ വീണ്ടെടുക്കാൻ സഹായിക്കാൻ എന്തും ചെയ്യാന്‍ തയ്യാറാണ്". കുട്ടിയെ സാധാരണ നിലയിലെത്താൻ സഹായിക്കാൻ സർക്കാരും മുന്നോട്ട് വന്നതിൽ നന്ദിയുണ്ടെന്നും അല്ലു അരവിന്ദ് പറഞ്ഞു.
അല്ലു അര്‍ജുന്‍ എന്തുകൊണ്ട് കുട്ടിയെ സന്ദര്‍ശിച്ചില്ല എന്ന വിഷയത്തിലും അല്ലു അരവിന്ദ് പ്രതികരിച്ചു.
“എന്തുകൊണ്ടാണ് അല്ലു അർജുൻ ഇതുവരെ ആശുപത്രി സന്ദർശിക്കാത്തത് എന്ന് പലരും ചോദിക്കുന്നുണ്ട്. തിക്കിലും തിരക്കിലും പെട്ടതിന്‍റെ പിറ്റേന്ന് കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ആശുപത്രി അധികൃതർ അന്ന് സമ്മതിച്ചില്ല. അതേ ദിവസമാണ് അല്ലുവിനെതിരെ കേസെടുത്തത്, ” അല്ലു അരവിന്ദ് പറഞ്ഞു.
നിരഞ്ജൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം കുടുംബത്തെ സന്ദർശിക്കരുതെന്ന് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. “ആശുപത്രിയിൽ പോകരുതെന്നും മാതാപിതാക്കളെ കാണരുതെന്നും ഞങ്ങളുടെ നിയമസംഘവും അല്ലുവിനെ ഉപദേശിച്ചു. കുട്ടിയെ സന്ദർശിക്കാൻ കഴിയാത്തതിൽ അല്ലുവിന് വിഷമം വന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാൻ ഞാൻ അധികാരികളിൽ നിന്ന് അനുവാദം വാങ്ങി എത്തിയത്. സമ്മതിച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും പോലീസിനും ആശുപത്രി അധികാരികൾക്കും നന്ദി" അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ശ്രീ തേജിന്‍റെ മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇപ്പോള്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതേ സമയം ഈ വിശദാംശങ്ങളുമായി അല്ലു അര്‍ജുന് നാലാഴ്ചത്തേക്ക് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കാന്‍ തെലങ്കാന പൊലീസ് സുപ്രീംകോടതിയിലേക്ക് പോവുകയാണ് എന്നാണ് വിവരം. അതിനിടെയാണ് അല്ലു അരവിന്ദ് ആശുപത്രിയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.