കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘ക്ലാര സോള’ പ്രദര്‍ശിപ്പിക്കും. 26ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗത സംവിധായികക്കുള്ള രജതചകോരവും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നതാലി അല്‍വാരസ് മെസന്റെയാണ്. മേളയില്‍ ചിത്രത്തിന്റെ രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.
ജൂലൈ 16 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷമായിരിക്കും പ്രദര്‍ശനം.
മതവും സാമൂഹിക വ്യവസ്ഥയും ആണധികാരവും ചേര്‍ന്ന് അടിച്ചമര്‍ത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാല്‍പ്പതുകാരിയുടെ കഥ പറയുന്ന ഈ ചിത്രം സ്വീഡന്‍, കോസ്റ്റോറിക്ക, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമാണ്. 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അര്‍ജന്‍റീനന്‍ ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ജൂലൈ 15ന് ഡെലിഗേറ്റ് പാസ് വിതരണം ആരംഭിക്കും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഫീസ്.