കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വ്യവസായ സംരംഭകരെ ആദരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഏരിസ് പ്ലെക്സിൽ വച്ച് നടന്ന ചടങ്ങിൽ ഫുഡ്, സിവിൽ സപ്പ്ളയേഴ്സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി ഇ ഒയുമായ ഡോ. സോഹൻ റോയ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് . കോവിഡ് കാലഘട്ടത്തിലും ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സേവനങ്ങളിലൂടെ മാതൃകയായി മാറിയ വ്യവസായ സംരംഭകരെ മന്ത്രി അനുമോദിച്ചു.
സംരംഭകർ എന്നും നാടിന്റെ സമ്പത്താണെന്ന് ഡോ.സോഹൻ റോയ് പറഞ്ഞു. " പ്രതിസന്ധികളെ സ്വന്തം പ്രതിഭ കൊണ്ട് വിജയകരമായി തരണം ചെയ്ത ഒട്ടനവധി സംരംഭകർ ഉണ്ട്. അവരാണ് നമ്മുടെ സമ്പത്ത്. അവരിലൂടെ മാത്രമേ ശാശ്വതമായ സാമ്പത്തിക പുരോഗതി ഏത് നാടിനും കൈവരിയ്ക്കാൻ കഴിയൂ. പ്രതിഭയുള്ളവർ ഏത് മേഖലകളിൽ ആയാലും അർഹമായ പ്രോത്സാഹനം ലഭിച്ചാൽ അവർ വിജയം കൈവരിയ്ക്കും. വിവിധ മേഖലകളിൽപ്പെട്ട പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുവാൻ ഞങ്ങൾ എന്നും ശ്രമിച്ചിട്ടുണ്ട്.അതിനായി ഇത്തരത്തിലുള്ള 'ഇൻഡിവുഡ് എക്സെലൻസ് പുരസ്കാരങ്ങൾ' ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് വർഷങ്ങളായി ഞങ്ങൾ നടത്തി വരുന്നുണ്ട് " അദ്ദേഹം പറഞ്ഞു.