കേന്ദ്രഗവണ്മെന്റിന്റെ ഫിലിം ഡിവിഷൻ സംഘടിപ്പിക്കുന്ന പതിനേഴാമത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ്' പ്രദർശിപ്പിച്ചു . മുംബൈ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ വച്ച് ഉച്ചക്ക് രണ്ട് മണി മുതൽ മൂന്നര വരെ ആയിരുന്നു പ്രദർശനം.ഫെസ്റ്റിവലിലെ ഇന്റർനാഷണൽ പ്രിസം വിഭാഗത്തിലേയ്ക്ക് ആണ് ഈ ഡോക്യുമെൻട്രി തിരഞ്ഞെടുക്കപ്പെട്ടത്.
ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയവും ആലപ്പാടിന്റെ അതിജീവനപ്പോരാട്ടവുമാണ് ഈ ഡോക്യുമെന്ററിയുടെ മുഖ്യപ്രമേയം. ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഫിലിംസ് ഡിവിഷനാണ് ഫെസ്റ്റിവലിന്റെ സംഘാടകർ. കഴിഞ്ഞ പത്ത് മാസങ്ങൾ കൊണ്ട് ദേശീയവും അന്തർദേശീയവുമായ നാല്പതോളം പ്രമുഖ പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററിയാണ് ബ്ലാക്ക് സാൻഡ്. കഴിഞ്ഞവർഷത്തെ ഓസ്കാർ അവാർഡിലെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള മത്സരപ്പട്ടികയിലും ഈ ഡോക്യുമെൻട്രി സ്ഥാനം പിടിച്ചിരുന്നു.
.
കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും, ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും , സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ ഖനനത്തിന്‍റെ ചരിത്രം, പ്രക്ഷോഭത്തിന്റെ നേർ ചിത്രം , രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ചിത്രം ചർച്ച ചെയ്യുന്നു. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടാനായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു. ‘ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സത്യസന്ധമായി ചിത്രീകരിച്ചതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു. ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾക്കാണ് എന്നും ഞങ്ങൾ മുൻതൂക്കം നൽകുക. കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറിക്കഴിഞ്ഞതായി ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങൾ വ്യക്തമാക്കുന്നു ’ - അദ്ദേഹം അറിയിച്ചു.
നാല്പതോളം പ്രമുഖ പുരസ്കാരങ്ങളാണ് കഴിഞ്ഞ പത്തു മാസങ്ങൾക്കുള്ളിൽ ഈ ചിത്രത്തിന് ലഭിച്ചത്.ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച
'നേച്ചർ ഡോക്യുമെന്ററി', എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ,രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, ബോഡൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, വാൻകൂവർk ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഷോർട്ട്സ് ഫെസ്റ്റിവൽ, അമേരിക്കയിലെ സാൻ ഡീഗോ മൂവി അവാർഡുകൾ, ബെർലിനിൽ നടന്ന രണ്ടായിരത്തി ഇരുപത്തിയൊന്നിലെ എആർഎഫ് എഫ് ബെർലിൻ ഫെസ്റ്റിവൽ, ഗോൾഡൻ ബ്രിഡ്ജ് ഇസ്ത്താൻബുൾ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇമ്പാക്ട് മൂവി അവാർഡ്സ്, ടെക്സാസിലെ ഡല്ലാസ് മൂവി അവാർഡ്സിലെ സെമിഫൈനലിസ്റ്റ്, ഹോഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,സിംഗപ്പൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എന്നിവ ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്
അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്.ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു അരുൺ സുഗതൻ, ലക്ഷ്മി അതുൽ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ്. മഹേഷ്, ബിജിൻ, അരുൺ എന്നിവർ എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ നിർവഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷൻ വിഭാഗം കൈകാര്യം ചെയ്തത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്