സഹസ്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച അന്തർദ്ദേശീയ ഡോക്യുമെന്ററിയായി 'ബ്ലാക്ക് സാൻഡ്' തിരഞ്ഞെടുത്തു. മാർച്ച് 18 ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിൽ ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് നടക്കുന്ന ചടങ്ങിൽവച്ച് സംവിധായകൻ ഡോ സോഹൻ റോയ് പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപ സമ്മാനത്തുകയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോക്യുമെന്ററിയുടെ പ്രദർശനവും ഇതോടൊപ്പം ഉണ്ടാകും.
ആഗോള സിനിമാമേഖലയിലെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സഹസ്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്. ലോകമെമ്പാടും ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് സിനിമയുടെ നൂതന സാങ്കേതിക വിദ്യയും പുതിയ പ്രവണതകളും പരിചയപ്പെടുത്തുക എന്നതും ഈ ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
ആലപ്പാട്ടെ കരിമണൽ ഖനനം പ്രമേയമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് ബ്ലാക്ക് സാൻഡ്. കഴിഞ്ഞ പത്ത് മാസങ്ങൾക്കുള്ളിൽ നാല്പതോളം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളുമാണ് ഈ ഡോക്യുമെന്ററി കരസ്ഥമാക്കിയത്. കഴിഞ്ഞവർഷത്തെ ഓസ്കാർ അവാർഡിലെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ചുരുക്കപ്പട്ടികയിലും ഇത് സ്ഥാനം പിടിച്ചിരുന്നു.
ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച 'നേച്ചർ ഡോക്യുമെന്ററി’, എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ,
രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, ബോഡൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, വാൻകൂവർ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഷോർട്ട്സ് ഫെസ്റ്റിവൽ, അമേരിക്കയിലെ സാൻ ഡീഗോ മൂവി അവാർഡുകൾ, ബെർലിനിൽ നടന്ന രണ്ടായിരത്തി ഇരുപത്തിയൊന്നിലെ എആർഎഫ് എഫ് ബെർലിൻ ഫെസ്റ്റിവൽ, ഗോൾഡൻ ബ്രിഡ്ജ് ഇസ്ത്താൻബുൾ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇമ്പാക്ട് മൂവി അവാർഡ്സ്, ടെക്സാസിലെ ഡല്ലാസ് മൂവി അവാർഡ്സിലെ സെമിഫൈനലിസ്റ്റ്, ഹോഡു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,സിംഗപ്പൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എന്നിവ ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.
ആലപ്പാട് കരിമണൽ ഖനന മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ ദുരിതപൂർണ്ണമായ അവസ്ഥയുടെ യഥാർത്ഥ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഡോക്യുമെന്ററി കൂടിയാണ് ഇത്. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാൾവഴികൾ, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ വരെ ഈ ചിത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്.
ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു. അരുൺ സുഗതൻ, ലക്ഷ്മി അതുൽ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ്. മഹേഷ്, ബിജിൻ, അരുൺ എന്നിവർ എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ നിർവഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷൻ വിഭാഗം കൈകാര്യം ചെയ്തത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.