കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ദേശീയ തലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ നാഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഒന്നാം സ്ഥാനവും ഒന്നാം റണ്ണര്‍ അപ്പ് സ്ഥാനവും നേടി. മുംബൈ മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്മെന്റ് & എഞ്ചിനീയറിംഗ് രണ്ടാം റണ്ണര്‍ അപ്പുമായി തെരഞ്ഞെടുത്തു.ഡൽഹി ഇന്റർനാഷണൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സംബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. നവംബർ 18,19, 20 തീയതികളിൽ നടത്തിയ മത്സരത്തിൽ രാജ്യത്ത് പ്രമുഖ ബിസിനസ് സ്കൂൾ- കോളേജുകളിൽ നിന്നായി 300 ടീമുകളാണ് മാറ്റുരച്ചത്. അന്തിമ ഘട്ടത്തിലെത്തിയ 22 ടീമുകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
ബി-പ്ലാൻ മത്സരത്തിനായുള്ള പ്രതിപാദ്യവിഷയം “സാങ്കേതികതയിലും ഭൗതികതയിലും പ്രത്യക്ഷമാകുന്ന വിടവ് നികത്തുന്ന നല്ല നാളേക്കുള്ള ബിസിനസ്സ് മോഡലുകൾ” എന്നതായിരുന്നു. “വി-ഗാർഡിന്റെ അത്യാധുനികവും മികച്ചതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് എങ്ങനെ മികച്ച ജീവിത നിലവാരം മെച്ചപ്പെടുത്തി നല്ല ഭാവി കൈവരിക്കാം ” എന്നതായിരുന്നു ടെക് ഡിസൈൻ മത്സരത്തിനായുള്ള പ്രതിപാദ്യ വിഷയം. വി-ഗാർഡിന്റെ ബിസിനസ്സ് ആശയങ്ങളുമായി ഇഴ ചേർന്ന് ബിസിനസ്സ് വളർച്ചയ്‌ക്കായി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ളവരെ കണ്ടെത്തുന്ന ഈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് രണ്ടു ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അര ലക്ഷം രൂപയും ജൂറി പുരസ്‌കാര ജേതാക്കള്‍ക്ക് കാല്‍ ലക്ഷം രൂപയുമാണ് സമ്മാനം.
എഞ്ചിനീയറിങ് കോളെജുകള്‍ക്കായി നടത്തിയ ഈ വര്‍ഷത്തെ ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സരത്തില്‍വരിക്കോലി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജി ഒന്നാം സ്ഥാനം നേടി.പാലാ സെൻറ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെൿനോളജി,ഇരിങ്ങാലക്കുട ക്രൈസ്ട് കോളേജ് രണ്ടും മൂന്നും സ്ഥാനം നേടി. ജേതാക്കള്‍ക്ക് യഥാക്രമം ഒരു ലക്ഷം, അര ലക്ഷം, കാല്‍ ലക്ഷം രൂപ എന്നിങ്ങനെ സമ്മാനത്തുകയും വിതരണം ചെയ്തു.
വിദഗ്ധരടങ്ങുന്ന നാലംഗ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇ. വൈ എൽ.എൽ. പി ബിസിനസ് ലീഡർ രാജേഷ് നായർ നേതൃത്വം നൽകിയ ജൂറി പാനലിൽ വി-ഗാർഡ് ഡയറക്ടറും സി.ഒ.ഒ യുമായ വി രാമചന്ദ്രൻ, വി-ഗാർഡ് വൈസ് പ്രസിഡന്റും സി.എഫ്.ഒ യുമായ സുദർശൻ കസ്തുരി, ആർ ആൻഡ് ഡി (ഇലക്ട്രോണിക്) വൈസ് പ്രസിഡന്റ് നരേന്ദ്ര സിങ് നേഗി എന്നവരും പങ്കാളികളായി. പ്രായോഗികകവും നവീനവുമായ ആശയങ്ങള്‍, അതിന്റെ പ്രായോഗികത, ലാളിത്യം, വി-ഗാര്‍ഡിന്റെ ബിസിനസില്‍ ഇതുണ്ടാക്കുന്ന സ്വാധീനം എന്നിവയാണ് ജേതാക്കളെ നിര്‍ണയിച്ച മാനദണ്ഡങ്ങള്‍.
പുരസ്‌കാര വിതരണ ചടങ്ങിന് വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കുകയും ജേതാക്കൾക്ക് അവാർഡ് നൽകുകയും ചെയ്തു.
ആർ ആൻഡ് ഡി (ഇലക്ട്രോണിക്) വൈസ് പ്രസിഡന്റ് നരേന്ദ്ര സിങ് നേഗി, ഹോം അപ്ലയൻസസ് സീനിയർ ജനറൽ മാനേജർ പ്രസാദ് സുധാകർ, ആർ ആൻഡ് ഡി (ഇൻഡസ്ട്രിയൽ ഡിസൈൻ) ജനറൽ മാനേജർ ജെയിംസ് എം വർഗീസ് എന്നിവരാണ് ടെക് ഡിസൈൻ മത്സരത്തിന്റെ ജൂറി അംഗങ്ങൾ.
വി-ഗാർഡിലെ പ്രമുഖരുമായി സംവദിക്കാനും, ബിസിനസ്സ് വെല്ലുവിളികളെ പറ്റി യുവ മനസുകൾക്ക് ചർച്ച ചെയ്യാനും മനസ്സിലാക്കാനും അവരുടെ ചിന്താ പ്രക്രിയയെ മികച്ചതാക്കി നൂതന ആശയങ്ങൾ വളർത്തുവാനുമുള്ള വേദി കൂടിയായിരുന്നു ഈ ചടങ്ങ്.