അട്ടപ്പാടിയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അട്ടപ്പാടി നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് അട്ടപ്പാടി ബ്രിഡ്ജ് കോഴ്സ് അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 35 സ്കൂളുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. അട്ടപ്പാടിയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നമായിരുന്ന കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
വിദ്യാലയങ്ങളുമായും ഭാഷയുമായും പൊരുത്തപ്പെടാൻ ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊരുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഊരുകളിൽ കുട്ടികളുടെ വിദ്യാഭ്യാസ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനായി ഊരുകളിലെ തന്നെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ തിരഞ്ഞെടുത്ത് ഊരുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എന്ന രീതിയിൽ ക്ലാസുകൾ നടത്തിയാണ് ബ്രിഡ്ജ് കോഴ്സിന്‍റെ ആരംഭം. കുട്ടികൾക്ക് സ്കൂളുകളിൽ എടുക്കുന്ന പാഠഭാഗങ്ങൾ അവരുടെ ഭാഷയിലും പറഞ്ഞുകൊടുത്ത് അവരെ പഠനത്തിൽ കൂടുതൽ താല്പര്യമുള്ളവർ ആക്കി മാറ്റുന്നതിന് ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. ഊരുകളിൽ സ്കൂളിൽ പോകാതിരുന്നിരുന്ന വിദ്യാർത്ഥികളെയും ഇതിലൂടെ സ്കൂളുകളിൽ എത്തിക്കാൻ സാധിച്ചു.
ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചതിനുശേഷം ഊരുകളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ കേരള സാക്ഷരതാ മിഷനുമായി കൂടിച്ചേർന്ന് അട്ടപ്പാടിയിലെ "സമ്പൂർണ്ണ സാക്ഷരത സമ്പൂർണ്ണ തുല്യത" എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ബ്രിഡ്ജ് കോഴ്സുകളിലൂടെ പൂർണ്ണ പിന്തുണ നൽകിവരുന്നുണ്ട്. ബ്രിഡ്ജ് കോഴ്സ് അധ്യാപകർക്ക് അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഊർജ്ജം പകരുന്നതിന് ആവശ്യമായ പഠന പരിശീലന പ്രവർത്തനങ്ങൾക്കായാണ് തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്.
നിലവിൽ 94 ഊരുകളിൽ ബ്രിഡ്ജ് കോഴ്സുകൾ നടന്നുവരുന്നു എന്നത് അഭിമാനകരമാണ്. 1212 വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് വഴി ഗുണം ലഭിക്കുന്നു എന്നത് വലിയ നേട്ടമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എസ്. സി. ഇ. ആർ. ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ. ചടങ്ങിൽ അധ്യക്ഷനായിരുന്നു.