പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് അസാപ് കേരള നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് (എഐ & എംഎല്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയോടെ നിലനില്‍ക്കണമെങ്കില്‍ എഐ, എംഎല്‍ (മെഷീന്‍ ലേണിങ്) സാങ്കേതികവിദ്യകളില്‍ ശക്തമായ അടിത്തറയും നൈപുണ്യവും അനിവാര്യമായിരിക്കുകയാണ്.
നൈപുണ്യ വികസനത്തിലൂടെ എഐ & എംഎല്‍ വിദ്യകളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകൾക്കും തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാനും പുതിയ നൈപുണി നേടിയെടുക്കാനും ഏറെ ഗുണം ചെയ്യുന്ന കോഴ്‌സാണ് കേരള സര്‍ക്കാരിനു കീഴിലുള്ള അസാപ്പും പാലക്കാട് ഐഐടിയും ചേര്‍ന്ന് നല്‍കുന്ന എഐ & എംഎല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. മദ്രാസ് ഐഐടിയാണ് ഈ കോഴ്സിന്റെ ഉള്ളടക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. സയന്‍സ്, ഐടി, കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലം അഭികാമ്യം. അസാപ് കേരള വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി ഒന്നു മുതൽ അപേക്ഷിക്കാം. ഏപ്രിൽ 24ന് കോഴ്‌സ് ആരംഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാലക്കാട് ഐഐടിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
756 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് ഓണ്‍ലൈന്‍ ക്ലാസുകളും ഫിസിക്കല്‍ ക്ലാസുകളും ഉള്‍പ്പെടുന്ന ബ്ലെന്‍ഡഡ് മോഡിലാണ് നല്‍കുന്നത്. കേരളത്തിലുടനീളം വിവിധ കോളേജുകളുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. ഓരോ ബാച്ചിലും 30 പേര്‍ക്കാണ് പ്രവേശനം. ഐഐടികളും സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം കോഴ്‌സുകള്‍ക്ക് വലിയ ഫീസ് ഈടാക്കുമ്പോള്‍ അസാപ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഒരു ഐഐടി കോഴ്‌സ് നല്‍കുന്നു എന്ന സവിശേഷത കൂടിയുണ്ട്. വിദ്യാർത്ഥികൾക്ക് ഇത് 41,300 രൂപയാണ് കോഴ്‌സ് ഫീസ്. പ്രൊഫഷനുകൾക്ക് ജിഎസ് ടി ഉള്‍പ്പെടെ 64,900 രൂപയാണ് ഫീസ്.
നൂതനാശയങ്ങളുള്ളവര്‍ക്ക് പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനും മുന്‍നിര ഐടി കമ്പനികളിലും മറ്റും ജോലി കണ്ടെത്താനും നിലവിലെ ജോലിയിലും വേതനത്തിലും ഉയര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കും ഈ കോഴ്‌സ് മികച്ച അവസരമാണ് തുറന്നിടുന്നത്. എഐ & എംഎല്‍ സയന്റിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്, മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍, റോബോട്ടിക്സ് സയന്റിസ്റ്റ്, ബിസിനസ് ഇന്റലിജന്‍സ് ഡെവലപ്പര്‍, എ.ഐ റിസര്‍ച്ച് സയന്റിസ്റ്റ് തുടങ്ങി എഐ രംഗത്തെ വൈവിധ്യമാര്‍ന്ന പുതിയ ജോലികള്‍ക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം നല്‍കുന്നതാണ് ഈ കോഴ്‌സ്. പ്രൊജക്ട് (ഇന്റേണ്‍ഷിപ്പ്) അടിസ്ഥാനമാക്കിയുള്ള ഈ ഐഐടി കോഴ്‌സ് പഠനത്തോടൊപ്പം വിപണി ആവശ്യപ്പെടുന്ന വൈദഗ്ധ്യം നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/artificial-intelligence-and-machine-learning-developer//