സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് ജില്ലയിലെ എംഎൽഎമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ തുടങ്ങിയവരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്‌കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. ആയതിൽ നിന്നും 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.