തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കരിയർ ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന്റെയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും ഡയറക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും മാതൃകാ സ്ഥാപനമാക്കും. എംപ്ലോയ്മെന്റ് വകുപ്പിന്റെ പ്രവർത്തനം കരിയർ ഗൈഡൻസ് മേഖലയിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ആദ്യ കരിയർ നയം ഉടൻ പ്രഖ്യാപിക്കും. കരിയർ ഗൈഡൻസ് സെന്ററുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ഉദ്യോഗം ലഭിക്കുന്നതിനും പരിശീലനം നൽകും. സ്വയംതൊഴിൽ പദ്ധതികൾ പ്രകാരമുള്ള വായ്പാ തിരിച്ചടവിന് ഓൺലൈൻ സംവിധാനം കൊണ്ടുവരും.
ഐടിഐ പഠനം പൂർത്തീകരിച്ച് ഇറങ്ങുന്നവർക്ക് നൈപുണ്യ പരിശീലനവും ഭാഷാപഠന സഹായവും നൽകും. കൂടുതൽ ഐടിഐകളിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഐടിഐ കോഴ്സുകളിലെ സിലബസ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കാൻ ഫയൽ പരിശോധനാ തട്ടുകളുടെ എണ്ണം കുറക്കും. നൈപുണ്യ കർമ്മ സേന പദ്ധതി ശക്തിപ്പെടുത്തും. ഐടിഐ കളിലെ വിവിധ കോഴ്സുകൾ പുനക്രമീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ സത്വര നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.