കോഴിക്കോട് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കോഴിക്കോട് ഗവ. ആർട്സ് കോളെജ് മലയാളം വിഭാഗവുമായി സഹകരിച്ചു സെപ്റ്റംബർ 28,29 തീയതികളിൽ സംഘടിപ്പിച്ച സമകാലിക സാഹിത്യസിദ്ധാന്തങ്ങൾ എന്ന വിഷയത്തിൽ നടന്ന ദ്വിദിന സെമിനാർ സമാപിച്ചു. ഡോ. സി. ഗോപിനാഥൻപിള്ള രചിച്ച സമകാലിക സാഹിത്യസിദ്ധാന്തങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാർ ഉദ്ഘാടനവും ബുധനാഴ്ച രാവിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി. കെ. പോക്കർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാജി എടക്കോട് പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിച്ചു. ഗവ. ആർട്സ് കോളെജ് മലയാളം വകുപ്പ് മേധാവി കെ. പി. രവി, ഗ്രന്ഥകാരനും കാലിക്കറ്റ് സർവകലാശാല മുൻ പി. വി. സിയുമായ ഡോ. സി. ഗോപിനാഥൻപിള്ള, മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സോണിയ ഇ. പ എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി നന്ദിയും പറഞ്ഞു.
തുടർന്ന് കാലിക്കറ്റ് സർവകലാശാല അസി. പ്രൊഫ. ഡോ. ദിവ്യ കെ, എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് അസോസിയേറ്റ് പ്രൊഫ. ഡോ. അജു കെ. നാരായണൻ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. അജയ് എസ്. ശേഖർ എന്നിവർ താരതമ്യസാഹിത്യസിദ്ധാന്തം, സംസ്കാരവും സാഹിത്യ പഠനസിദ്ധാന്തങ്ങളും, റേസ് തിയറി എന്നീ വിഷയങ്ങളിൽ യഥാക്രമം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. സജിത കിഴിനിപ്പുറത്ത്, ഡോ. ദിവ്യ വി, ഡോ. സ്റ്റാലിൻദാസ് പടിഞ്ഞാറെ പുരയ്‌ക്കൽ എന്നിവർ യഥാക്രമം മോഡറേറ്റർമാരായി.
രണ്ടാം ദിനമായ വ്യാഴാഴ്ച കൊടുവള്ളി സി. എച്ച്. എം. കെ. എം ഗവ. കോളെജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സജീവ് പി. വി, കാലിക്കറ്റ് സർവകലാശാല മലയാളം & കേരള പഠന വിഭാഗം അസി. പ്രൊഫസർ ഡോ. എം. ബി. മനോജ്, മൊകേരി ഗവ. കോളെജ് അസി. പ്രൊഫസർ ഡോ. അരുൺലാൽ കെ, റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. സി. ജെ. ജോർജ് എന്നിവർ സാഹിത്യ സിദ്ധാന്തങ്ങളുടെ കേരള ചരിത്രം, ബഹുജന സാഹിത്യം, ന്യൂ ഹിസ്റ്റോറിസിസം, സിദ്ധാന്തം വെളിച്ചത്തിന്റെ ഉപമ എന്നീ വിഷയങ്ങളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ബേബി ഷീബ സി. പി., ഡോ. ബാബുരാജൻ കെ, ഡോ. സിജു കെ.ഡി, ഡോ. രാജേന്ദ്രൻ എടത്തുംകര എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി.
തുടർന്ന് ഡോ. സോണിയ ഇ. പ സെമിനാർ ക്രോഡീകരിച്ചു സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.