തിരുവനന്തപുരം: പ്രതിവർഷം ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) അടുത്ത വർഷം (2023-24) മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണർ കെ. ഇൻപശേഖർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റ പേപ്പർ ആയി നടത്താനാണ് കമീഷണർ ശിപാർശ നൽകിയത്. ജനുവരിയിലും മേയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം. ഇതിൽ ഉയർന്ന സ്കോർ റാങ്കിന് പരിഗണിക്കണം.
യഥാർഥ സ്കോർ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന പെർസന്‍റയിൽ സ്കോർ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് തീരുമാനം. ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താമെന്നും ശിപാർശയിലുണ്ട്. നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആർ അധിഷ്ഠിത പേപ്പർ -പെൻ പരീക്ഷയാണ് നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.