കായംകുളം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14. കായംകുളം ഗവൺമെന്റ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
പൂമ്പാറ്റകൾ സമൃദ്ധമായി സ്കൂൾ ക്യാമ്പസിൽ ഉണ്ടാകും വിധം ചെടികൾ നട്ടു പരിപാലിക്കുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണ് ശലഭോദ്യാനം. സംസ്ഥാനത്തെ താല്പര്യമുള്ള പൊതുവിദ്യാലയങ്ങളിൽ ആണ് ശലഭോദ്യാനം പദ്ധതി തുടങ്ങുന്നത്. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകളിലെ അധ്യാപക പ്രതിനിധികൾക്കും വിദ്യാർഥികൾക്കും പ്രത്യേകം ഓൺലൈൻ പരിശീലനം നൽകും. സ്കൂളുകളിൽ ശലഭ ക്ലബുകൾ രൂപീകരിക്കും.
പ്രകൃതിയുമായി ഇണങ്ങിച്ചേരാനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷഡ്പദങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളേയും പ്രോത്സാഹിപ്പിക്കും. ഇതിനായി ബ്രോഷറുകളും കൈപ്പുസ്തകങ്ങളും തയ്യാറാക്കി നൽകും. മികച്ച പദ്ധതികൾക്ക് പുരസ്കാരങ്ങളും നൽകും. പ്രത്യേക ക്വിസ് പ്രോഗ്രാം,വെബിനാറുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. സമഗ്ര ശിക്ഷാ കേരളം ഇതിന് വേണ്ട സഹായ സഹകരണങ്ങൾ നൽകും.