തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രീപ്രൈമറി, സ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നത്.
25 ഫോക്കസ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്മാരെയാണ് ഓരോ ഫോക്കസ് ഗ്രൂപ്പുകളുടെയും അദ്ധ്യക്ഷന്മാരായി നിയമിച്ചത്. കേന്ദ്രസര്‍വ്വകലാശാലകള്‍, ഐ.ഐ.ടി.കള്‍, ഐ.ഐ.എസ്.ടി., ഐസര്‍, സംസ്ഥാന സര്‍വ്വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.