തിരുവനന്തപുരം: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം നൽകുന്നതിനുള്ള പ്രത്യേക പാക്കേജിന്റെ മാനദണ്ഡങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാൻ പ്രത്യേക സമിതി രൂപവൽക്കരിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത സ്പെഷ്യൽ സ്‌കൂളുകളുടെ യോഗത്തിൽ ആണ് തീരുമാനം.
അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഷൈൻമോൻ ചെയർമാനും പൊതുവിദ്യാഭ്യാസ ജോയിൻ സെക്രട്ടറി ജയശ്രീ കൺവീണറുമാണ്. എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോക്ടർ സുപ്രിയ, ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോക്ടർ ജയപ്രകാശ് എന്നിവർ സമിതി അംഗങ്ങളാണ് .
സ്പെഷ്യൽ സ്കൂളുകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള വിവിധ ഗ്രേഡുകൾ സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും. മന്ത്രിയെ കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ , അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ്, പാരൻസ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ്, ഈ മേഖലയിലെ അധ്യാപക, അനധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.