സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂൾവിക്കി പോർട്ടലിൽ മികച്ചവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അവാർഡ് വിതരണം ചെയ്തു. ചടങ്ങ് നിയസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ജീവന്‍ബാബു കെ ഐഎഎസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഗവണ്‍മെന്റ് മോഡല്‍ എച്ച്. എസ്. എസ്. വെങ്ങാനൂര്‍, ഗവണ്‍മെന്റ്എച്ച്.എസ്. അവനവന്‍ചേരി, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് വീരണകാവ് എന്നീ വിദ്യാലയങ്ങൾ നേടി. ഇവർക്ക് ശില്പവും പ്രശംസാപത്രവും നൽകി. കൂടാതെ 25,000/-, 15,000/-, 10,000/- രൂപ വീതം കാഷ് അവാർഡും ലഭിക്കും. ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്.