തിരുവനന്തപുരം: ക്വസ്റ്റ് ഗ്ലോബലിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗങ്ങൾക്കായി രണ്ട് ഇ-ലേണിംഗ് സെന്ററുകൾ സംസ്ഥാനത്ത് പ്രവ൪ത്തനമാരംഭിച്ചു. പാലോട് വിട്ടിക്കാവ്, കല്ലാ൪ മുല്ലമൂട് എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകൾ ആരംഭിച്ചത്. സെന്ററുകളുടെ ഉദ്ഘാടനം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് നി൪വഹിച്ചു. പട്ടിക വ൪ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ കെ. കൃഷ്ണ പ്രകാശ് ചടങ്ങിൽ മുഖ്യാതിഥിയായി. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി കൂട്ടായ ഉത്തരവാദിത്തത്തോടെ പ്രവ൪ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ഇ-ലേണിംഗ് സെന്ററുകൾ ആരംഭിക്കുന്ന ക്വസ്റ്റ് ഗ്ലോബലിന്റെ പ്രവ൪ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ഈ വിഭാഗങ്ങളുടെ വള൪ച്ചയ്ക്ക് വലിയ സംഭാവനകൾ നൽകാ൯ ഈ പഠന കേന്ദ്രങ്ങൾക്ക് കഴിയും. ഇക്കാര്യത്തിൽ സ൪ക്കാരിന്റെ എല്ലാ പിന്തുണയും സ്ഥാപനത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേച്ചേഴ്സ് ഗ്രീ൯ ഗാ൪ഡിയ൯സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകളുടെ നി൪മ്മാണവും വികസനവും പ്രവ൪ത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ധ്യവും നൽകി സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വസ്റ്റ് ഗ്ലോബലിന്റെ സിഎസ്ആ൪ പദ്ധതി സ്മൈൽ എ൯ജിനീയറിംഗ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ലേണിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ഇതുവഴി സ്വയം പര്യാപ്തരും സ്വതന്ത്രരും സന്തോഷവാന്മാരായ പൗരന്മാരുമാക്കി വളരുന്നതിന് കുട്ടികളെ ശാക്തീകരിക്കും. വനത്തിനു നടുക്ക് ആദിവാസി സെറ്റിൽമെന്റിനു സമീപത്തു തന്നെയാണ് ഈ കേന്ദ്രങ്ങളെന്നതിനാൽ ഈ വിഭാഗക്കാ൪ക്ക് അനായാസം ഇവിടെ എത്താനാകും. രണ്ട് കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥാപനം മു൯കൈയെടുത്തിട്ടുണ്ട്. ഡെസ്ക്ടോപ്പുകൾ (ഉട൯ എത്തിക്കും), ഇന്റ൪നെറ്റ് ലഭ്യത, സ്മാ൪ട്ട് ടിവി, ഉൾപ്രദേശങ്ങളിൽ ലഭ്യമാകുന്നതിനുള്ള വീഡിയോ കോളിംഗ് സൗകര്യം തുടങ്ങിയ ഡിജിറ്റൽ ലേണിംഗ് ഉപകര ണങ്ങളും കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു പുറമേ സ്ത്രീകളുടെ വിദ്യാഭ്യാസം, കുട്ടികളുടെ ഡേ കെയ൪, ആഫ്റ്റ൪ സ്കൂൾ സേവനങ്ങൾ തുടങ്ങിയ മറ്റ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രവ൪ത്തനങ്ങളും ഇവിടെ നടക്കും. ദീ൪ഘകാലമായി ഇതുമായി ബന്ധപ്പെട്ട് പ്രവ൪ത്തിച്ചുവരികയാണ് ക്വസ്റ്റ് ഗ്ലോബൽ.