ശ്രീനാരായണ ഗുരുചിന്ത ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടാണ് ഫ്ലോട്ടുകളിൽ നിന്നും പൂരക്കുടകളിൽ നിന്നുപോലും ശ്രീനാരായണഗുരു അപ്രത്യക്ഷനാകുന്നത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശ്രീ - വിശ്വ സാംസ്കാരികവേദിയുടെ ചടങ്ങിൽ പ്രൊഫസർ ഡോക്ടർ ഷാജി പ്രഭാകരൻ രചിച്ച ലേഖന സമാഹാരം "ആസ്തികത " പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രീനാരായണ ഗുരുവിൻ്റെ ചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടമാണിത്. കാലത്തെ അതിജീവിച്ച ദർശനവും ചിന്തയുമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചത്. മതനവീകരണം, ആചാര പരിഷ്‌കരണം എന്നിവയിൽ ഒതുങ്ങുന്നതായിരുന്നില്ല അത് . മാനവീകതയുടെ പ്രകാശഗോപുരമാണ് ഗുരു. അതുകൊണ്ടാണ് കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന സ്ഥാനം ഗുരുവിനു ലഭിച്ചത്. വർത്തമാനകാലത്തെ മുന്നോട്ടുനയിക്കാൻ ഗുരുവിന്റെ ജീവിതദർശനം വഴികാട്ടിയാണ്.
ജാതിസമൂഹത്തെയും അതിനെ താങ്ങിനിർത്തുന്ന ആശയപ്രപഞ്ചത്തെയും തകർക്കാൻ പ്രയത്നിച്ച സന്യാസിശ്രേഷ്‌ഠനായിരുന്നു ഗുരു. ജാതിമത ചിന്തകൾക്ക് അതീതമായി ജനങ്ങളെ കോർത്തിണക്കാനുള്ള ദർശനമാണ് ശ്രീനാരായണ ചിന്ത. തമ്മിൽ പൊരുതി ഒരു മതത്തിന് മറ്റൊരു മതത്തിനുമേൽവിജയം കൈവരിക്കാനാവില്ലെന്ന് ഗുരു നിരന്തരം ചൂണ്ടിക്കാട്ടിയെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.