തിരുവനന്തപുരം : കേരള ലാ അക്കാദമിയും മൂട്ട് കോർട്ട് സൊസൈറ്റിയും സംയുക്തമായി നടത്തിയ 31 മത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിന് സമാപനം കുറിച്ചു. ആവേശഭരിതമായി 3 ദിവസം നീണ്ടുനിന്ന വാശിയേറിയ വെർച്വൽ മത്സരത്തിൽ ഒന്നാം സമ്മാനമായ കെഎൽഎ ട്രോഫിയും ഒരുലക്ഷം രൂപ ക്യാഷ് അവാർഡും സിംബയോസിസ് ലാ സ്കൂൾ, നോയ്ഡയിലെ വിദ്യാർഥികളായ ഔറിൻ ചക്രബർത്തി, ഷൈക്കാ അഗർവാൾ, രാഘവ് സച്ച് ദേവ് എന്നിവർ കരസ്ഥമാക്കി. സിംബയോസിസ് ലാ സ്കൂൾ, പൂനയിലെ വിദ്യാർഥികളായ ആനന്ദ വർഷിണി, ആര്യ പ്രശാന്ത് നർഗുണ്ട്, പ്രദീപ് പ്രശാന്ത് എന്നിവർ റണ്ണേർസ് അപ്പായി. ട്രോഫിയും അമ്പതിനായിരം രൂപയും റണ്ണേർസ് അപ്പായ മത്സരാർഥികൾ കരസ്ഥമാക്കി. വാശിയേറിയ മത്സരം സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ, ജസ്റ്റിസ് ടി. രവികുമാർ, ജസ്റ്റിസ് എം. എം. സുന്ദരേഷ് എന്നിവർ ഫൈനൽ റൗണ്ട് വിലയിരുത്തി.
2022 ഫെബ്രുവരി 12ന് വൈകുന്നേരം 6.30 മണിക്ക് കേരള ലാ അക്കാദമി ക്യാമ്പസിൽ വെർച്വൽ ആയി നടന്ന സമാപന സമ്മേളനം കേരള ഹൈകോടതി ജഡ്ജി ബഹു : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നുവൽസ് വൈസ് ചാൻസലർ പ്രൊഫ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ലാ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ സ്വാഗതവും എം സി എസ് സ്റ്റുഡന്റ് കൺവീനർ അജയ് വൈ നന്ദിയും രേഖപ്പെടുത്തി.