അരുവിക്കര നിയോജക മണ്ഡലത്തിലെ 9 വില്ലേജ് ഓഫീസുകള്‍ ഇ-ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി വാങ്ങിയ ലാപ്‌ടോപ്പുകളും പ്രിന്ററുകളും ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജി. സ്റ്റീഫന്‍ എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസനനിധി ഉപയോഗിച്ച് 10,74,338 രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് അരുവിക്കരയില്‍ പ്രാധാന്യം നല്‍കുന്നത് എന്ന് എം എല്‍ എ പറഞ്ഞു.സാധാരണക്കാര്‍ ഏറ്റവും അധികം ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസുകളാണ് വില്ലേജ് ഓഫീസുകള്‍. അവയുടെ പ്രവര്‍ത്തനം ഏറ്റവും വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് എല്‍ ക്യഷ്ണകുമാരി, പഞ്ചായത്ത് അംഗം എസ് ക്യഷ്ണകുമാര്‍, നെടുമങ്ങാട് ആര്‍ ഡി ഒ കെ. പി .ജയകുമാര്‍, തഹസീല്‍ദാര്‍മാരായ നന്ദകുമാരന്‍, ജെ. അനില്‍കുമാര്‍, വില്ലേജ് വികസന സമിതി അംഗം വെള്ളനാട് രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതികള്‍ വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.