December 03, 2024

Login to your account

Username *
Password *
Remember Me

അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ അന്തരം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലവിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിർത്താൻ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തണം. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന കർശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂർണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധന നടത്തണം. പോലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ ഹോർട്ടികോർപ്പും കൺസ്യൂമർഫെഡും സിവിൽസപ്ലൈസും വിപണിയിൽ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഓണക്കാലത്തേക്കുള്ള മാർക്കറ്റുകൾ നേരത്തെ ആരംഭിക്കണം.


ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടർമാർ ചർച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകൾ പരിഹരിച്ച് ഒരേവില കൊണ്ടുവരാൻ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയിൽ ഒരു തവണയെങ്കിലും ജില്ലാകളക്ടർമാർ അവലോകനം ചെയ്യണം. സംസ്ഥാനാടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


യോഗത്തിൽ മന്ത്രിമാരായ ജി.ആർ അനിൽ, വി.എൻ വാസവൻ, കെ. രാജൻ, പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.