November 22, 2024

Login to your account

Username *
Password *
Remember Me

വിഴിഞ്ഞം വൻ വാണിജ്യ, വ്യവസായ മേഖലയാകും, കേരളത്തിനു മുന്നിലുള്ളത് വളർച്ചയുടെ അനന്ത സാധ്യത

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ, വ്യവസായ മേഖലയായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞത്തുനിന്നുള്ള റിങ് റോഡ് പദ്ധതി ഈ ഉദ്ദേശ്യത്തോടെയാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 80 ശതമാനം ചരക്കു കപ്പലുകളും ഇവിടെനിന്നാകുമെന്ന് പോകുകയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80 ശതമാനം ആഭ്യന്തര ചരക്കുഗതാഗതത്തിന് വിഴിഞ്ഞം തുറമുഖം ഉപയോഗിക്കപ്പെടുന്നത് കേരളത്തിനു മുന്നിൽ എത്ര അനന്ത സാധ്യത തുറക്കുന്നതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശ്രീലങ്ക, സിംഗപ്പുർ, ദുബായ് പോർട്ട് എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ബിസിനസ് വിഴിഞ്ഞത്തേക്കു വരും. ഇതോടെ വ്യവസായ വളർച്ചയ്ക്ക് ഇപ്പോഴുള്ള സ്ഥലവും പ്രദേശവുമൊക്കെ മതിയാകാതെവരും.


1000 കോടി രൂപയുടെ റിങ് റോഡ് പദ്ധതിയുടെ തുടക്കം വിഴിഞ്ഞത്തുനിന്നാണ്. തുറമുഖത്തിന്റെ വരവോടെ ഈ മേഖലയ്ക്കുണ്ടാകുന്ന വികസനം മുൻനിർത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. റിങ് റോഡിന്റെ ഇരു വശത്തും വ്യവസായ കേന്ദ്രങ്ങളും ലൊജിസ്റ്റിക്സ് കേന്ദ്രങ്ങളും വരും. സ്വകാര്യ മേഖലയുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ഭൂമിയെടുത്ത് പദ്ധതി പ്രദേശത്തിന്റെയാകെ വ്യവസായ വികസനം സാധ്യമാക്കുകയാണു ലക്ഷ്യം. നിർമാണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിനു സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ആളുകളും ജോലി ചെയ്യുന്ന സ്ഥലമായി ഈ പ്രദേശം മാറും. മുൻപ് വിഴിഞ്ഞം ചെറിയ തുറമുഖത്തിനടുത്തായി വലിയ തുറമുഖം വരുമെന്നു പറയുമ്പോൾ സംശയത്തോടെ ചിന്തിച്ചിരുന്നവർ വലിയ തുറമുഖം യാഥാർഥ്യമാകുന്നതു കാണുകയാണ്. അതുപോലെ വലിയ വ്യവസായ മേഖലയായി ഇവിടം മാറുന്നതും കാണാനാകുമെന്നും മന്ത്രി പറഞ്ഞു.


സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സഹകരണം ഉറപ്പാക്കിയാണു വിഴിഞ്ഞം പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമ്പോൾ കേരളത്തിന്റെ അഭിമാനം വാനോളം ഉയരും. കേരളത്തിന്റെ വാണിജ്യ, വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണിത്. വിഴിഞ്ഞം പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി മാറും. അതിനൊപ്പം തുറമുഖാധിഷ്ഠിത വ്യവസായങ്ങളും വികസിക്കും. സാമൂഹിക രംഗത്തെന്നപോലെ സാമ്പത്തിക രംഗത്തും കേരളം രാജ്യത്തിനു മാതൃകയാകുകയാണെന്നും അതിലെ നാഴികക്കല്ലാണു വിഴിഞ്ഞം പദ്ധതിയെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സെക്യൂരിറ്റി കോംപ്ലസും മന്ത്രി ഉദ്ഘാടനം ചെയ്തു.


വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അദീല അബ്ദുള്ള, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മന്ത്രിമാർ പദ്ധതി പ്രദേശം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.