മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020ലെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരത്തിന്റെയും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടേയും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണം ഇന്ന് നടക്കും. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വൈകിട്ട് 5.30നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ നൽകും.
മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി ദിനപത്രത്തിന്റെ മുൻ അസോസിയേറ്റ് എഡിറ്ററുമായിരുന്ന എസ്.ആർ. ശക്തിധരനാണ് 2020ലെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്കു 15,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്തിന് 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകും. ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാന ജേതാക്കൾക്ക് 2500 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
പുരസ്‌കാര സമർപ്പണ ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷെണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിനു ശേഷം വൈകിട്ട് ഏഴു മുതൽ ചുമടുതാങ്ങി ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.