കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓള്‍-ഇലക്ട്രിക് എക്സ്യുവി400-ന്‍റെ എക്സ്ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കുകയും ക്ലീന്‍ എയര്‍, ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്റ്റൈനബിലിറ്റി അവാര്‍ഡ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. 2023 ഫെബ്രുവരി 10-ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ക്ക് എസ്യുവി കൈമാറും.
പ്രശസ്ത യുവ ഫാഷന്‍ ഡിസൈനര്‍ റിംസിം ദാദുവുമായി സഹകരിച്ച് മഹീന്ദ്രയുടെ ചീഫ് ഡിസൈന്‍ ഓഫീസര്‍ പ്രതാപ് ബോസ് രൂപകല്‍പ്പന ചെയ്ത എക്സ്ക്ലൂസീവ് എഡിഷന്‍ 2022 നവംബര്‍ 28ന് നടന്ന മഹീന്ദ്ര ടെക് ഫാഷന്‍ ടൂറിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2023 ഫെബ്രുവരി 11ന് ഹൈദരാബാദില്‍ നടക്കുന്ന ഓള്‍-ഇലക്ട്രിക് എഫ്ഐഎ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്‍റെ ഇന്ത്യയുടെ ഉദ്ഘാടന റൗണ്ടിന് സാക്ഷ്യം വഹിക്കാനുള്ള എക്സ്ക്ലൂസീവ് പാസും വിജയിക്ക് ലഭിക്കും.
ലേലത്തിനായുള്ള രജിസ്ട്രേഷനുകള്‍ക്കായി https://auction.carandbike.com/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഓണ്‍ലൈന്‍ ലേലം 2023 ജനുവരി 26ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 31ന് അവസാനിക്കും. ലേല വിജയിക്ക് ഈ എക്സ്ക്ലൂസീവ് എഡിഷന്‍ എക്സ്യുവി400 സ്വന്തമാക്കാനുള്ള അവസരം മാത്രമല്ല ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് പിന്തുണ നല്‍കുന്നതിനും സാധിക്കും.
2022ലെ ലോക ഇവി ദിനത്തില്‍ പുറത്തിറക്കിയ എക്സ്യുവി400 ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ടുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. കൂടാതെ അത്യാധുനിക കോപ്പര്‍, ബ്ലൂ ആക്സന്‍റുകളോട് കൂടിയ ബോഡി കളറിനൊപ്പമാണ് ഇത് എത്തുന്നത്. ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് (എംഐഡിസി) പ്രകാരം ഫുള്‍ ചാര്‍ജ്ജില്‍ 456 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാം.