* കൂടുതല്‍ സ്ത്രീകളെ സമ്പദ്വ്യവസ്ഥയുടെ ഉല്‍പന്ന നിരയില്‍ പങ്കാളികളാക്കിയാല്‍ ഇന്ത്യക്ക് രണ്ടക്ക വളര്‍ച്ച നേടാനാകുമെന്ന് 2022ലെ ലോകബാങ്ക് റിപ്പോര്‍ട്ട്
* ഏറ്റവും പുതിയ പഠനമനുസരിച്ച് വനിതാ സംരംഭകര്‍ക്ക് ഇന്ത്യയുടെ ജിഡിപിയില്‍ 18 ശതമാനം വര്‍ധന വരുത്താനാകും
* 2030ഓടെ വനിതാ സംരംഭകര്‍ക്ക് ഇന്ത്യയില്‍ 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും
കൊച്ചി : ലോക വനിതാ സംരംഭകത്വ ദിനമായ നവംബര്‍ 19ന് വാധ്വാനി ഫൗണ്ടേഷന്‍ ലോകമെമ്പാടും വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും വനിതാ സംരംഭകത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സമൂഹത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതോടൊപ്പം, സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയും സൃഷ്ടിക്കുന്നു. ഒരു വനിതാ സംരംഭകയ്ക്ക് ഫണ്ടിംഗ്, കുടുംബത്തിന്റെ പിന്തുണ, റോള്‍ മോഡലുകളുടെ അഭാവം, മൊബിലിറ്റി പരിമിതികള്‍ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ നിരവധി അവസരങ്ങളും ലഭ്യമാണ്.
"സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണ്. എന്നാല്‍ ബിസിനസ് ലോകത്ത് അവരെ പലപ്പോഴും വിലകുറച്ചു കാണുന്ന രീതിയാണ് നമ്മുടേത്. സംരംഭകത്വ യാത്രയില്‍ സ്ത്രീകള്‍ എണ്ണമറ്റ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അവര്‍ എല്ലായ്പ്പോഴും വിജയിച്ചു കാണിക്കുന്നു. സ്ത്രീകളുടെ സംരംഭകത്വം ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുകയും മറ്റ് സ്ത്രീകളില്‍ സ്വാധീനം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും അതുവഴി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വനിതാ തൊഴില്‍ശക്തിയുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം ആഗോള ജിഡിപിയിലേക്ക് 700 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും 2030 ഓടെ 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് ശേഷി നല്‍കുന്നു. ഈ വനിതാ സംരംഭകത്വ ദിനത്തില്‍, സംരംഭകരെന്ന നിലയിലും സ്വാധീനശക്തി എന്ന നിലയിലും സ്ത്രീകള്‍ സൃഷ്ടിക്കുന്ന വ്യത്യാസം നമുക്ക് ആഘോഷിക്കാം. അവരുടെ സംരംഭകത്വ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വിഭവങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് ലിംഗസമത്വത്തിലേക്കും സാമ്പത്തിക വികസനത്തിലേക്കുമുള്ള മാറ്റത്തിന് കാരണക്കാരാകാം"-2022 ലെ വനിതാ സംരംഭകത്വ ദിനത്തെക്കുറിച്ച് വാധ്വാനി ഫൗണ്ടേഷന്റെ ഇന്ത്യ/സൗത്ത് ഈസ്റ്റ് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഷാ പറഞ്ഞു.
വിജയിയായ സംരംഭകയാകാന്‍ സ്ത്രീകള്‍ക്ക് സഞ്ജയ് ഷായുടെ ചില ടിപ്സ്, വീഡിയോ കാണാം :
https://www.youtube.com/watch?v=tfmwnE8qqJo&authuser=0
പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനും വളര്‍ത്താനും പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഇന്‍കുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും എണ്ണം വര്‍ധിക്കുന്നത് ബിസിനസ് ചട്ടക്കൂടുകള്‍, മെന്റര്‍ഷിപ്പ്, നെറ്റ്വര്‍ക്കുകളിലേക്കും നിക്ഷേപകരിലേക്കുമുള്ള പ്രവേശനം എന്നിവ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വനിതാ സംരംഭകര്‍ക്ക് മികച്ച അവസരമാണ്.
ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വളര്‍ച്ച വനിതാ സംരംഭകര്‍ക്ക് അവരുടെ ബിസിനസ് ഓണ്‍ലൈനായി ആരംഭിക്കാനും വളര്‍ത്താനുമുള്ള മറ്റൊരു അവസരമാണ്. മള്‍ട്ടിപ്പിള്‍ സെല്ലര്‍ സര്‍വീസസ് പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീകള്‍ക്ക് അവരുടെ വീട്ടിലിരുന്ന് കുറഞ്ഞ മുന്‍കൂര്‍ നിക്ഷേപത്തില്‍ ഒരു ഇ-കൊമേഴ്‌സ് ബിസിനസ് ആരംഭിക്കുന്നത് എളുപ്പമാക്കി.
"സ്ത്രീ സംരംഭകത്വം സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനുള്ള ശക്തമായ ആശയമാണ്. സ്ത്രീകള്‍ക്ക് അവരുടെ ബിസിനസ് ആരംഭിക്കാനും വളര്‍ത്താനും അവസരം ലഭിക്കുമ്പോള്‍, അത് അവര്‍ക്കും അവരുടെ കുടുംബത്തിനും മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്നു. വാധ്വാനി ഫൗണ്ടേഷനും നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും രണ്ട് പതിറ്റാണ്ടുകളായി വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, മെന്റര്‍ഷിപ്പും നെറ്റ്വര്‍ക്കിംഗ് ചാനലുകളും വിപുലീകരിക്കാനും, അനുയോജ്യമായ വിജ്ഞാന വിഭവങ്ങള്‍ നല്‍കാനും, ബിസിനസില്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ നയ ചട്ടക്കൂട് കെട്ടിപ്പടുക്കാനും ഞങ്ങള്‍ ഞങ്ങളുടെ ശ്രമങ്ങള്‍ തുടരും"-വാധ്വാനി ഫൗണ്ടേഷനിലെ വാധ്വാനി എന്റര്‍പ്രണര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജീവ് വാര്യര്‍ പറയുന്നു.
ഇന്ത്യയില്‍ വനിതാ സംരംഭകര്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും, നിരവധിയായ അവസരങ്ങളും അവര്‍ക്ക് ലഭ്യമാണ്. മെന്റര്‍ഷിപ്പ്, സീഡ് ഫണ്ടിംഗ്, ഗവണ്‍മെന്റ് സംരംഭങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയുടെ ലഭ്യത ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് കാല്‍വെപ്പ് നടത്താന്‍ ഇതിലും മികച്ച സമയം ഉണ്ടായിട്ടില്ല എന്ന് സൂചിപ്പിക്കുന്നു.