കൊച്ചി: ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യാ കൈമാറ്റത്തിലും മൊബൈൽഫോൺ സാങ്കേതികവിദ്യാ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നും ഇന്ത്യയിലെ കൊറിയൻ എംബസിയിലെ വാണിജ്യകാര്യ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു.
ഇന്ത്യ–-കൊറിയ സാമ്പത്തികസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ അറിയാൻ ദക്ഷിണ കൊറിയയിൽനിന്നുള്ള ഉന്നതതലസംഘം കേരളം സന്ദർശിച്ചു. ഇന്ത്യയിലെ കൊറിയൻ എംബസി, ഇന്ത്യ–-കൊറിയ ബിസിനസ് കോ–-ഓപ്പറേഷൻ സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
കൊച്ചിയിൽ മന്ത്രി പി രാജീവ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പ്രതിനിധികളുമായും വാണിജ്യ, വ്യവസായ മേഖലയിൽനിന്നുള്ളവരുമായും സംഘം ചർച്ച നടത്തി. നിക്ഷേപസാഹചര്യം ഒരുക്കുന്നതിന്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ കമ്പനി മേധാവികളുടെ യോഗം രണ്ടുമാസത്തിനുള്ളിൽ വിളിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിർമിതബുദ്ധി, ആയുർവേദം, ബയോടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യസംസ്കരണം, വൈദ്യുതവാഹനങ്ങൾ, ലോജിസ്റ്റിക്സ്, നാനോടെക്‌നോളജി, ടൂറിസം, ത്രീ ഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ മുതൽമുടക്കാൻ കൊറിയ തയ്യാറാണെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും മന്ത്രി ഉറപ്പ് നൽകി.
ഫിക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊറിയ–-ഇന്ത്യ ഇക്കണോമിക് കോ–-ഓപ്പറേഷൻ സെമിനാറിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനി, ഇന്ത്യ–-കൊറിയ ബിസിനസ് കോ–-ഓപ്പറേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മ്യുൻഗ്ലെ ചെയ്, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ദക്ഷിണ കൊറിയൻ കമ്പനികൾ നൽകിയ ആരോഗ്യ ഉൽപ്പന്നങ്ങളും പിപിഇ കിറ്റുകളും മന്ത്രി ഏറ്റുവാങ്ങി.