കൊച്ചി: ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കെസി മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റ് മഹീന്ദ്ര ഓൾ ഇന്ത്യ ടാലന്റ് സ്കോളർഷിപ്പ് 2022ന് അപേക്ഷ ക്ഷണിച്ചു. 1953ൽ സ്ഥാപിച്ച ഈ ട്രസ്റ്റ് വഴി ഇതുവരെ ധാരാളം വിദ്യാർത്ഥികൾക്ക് വിവിധ തരം സ്കോളർഷിപ്പുകൾ നല്കിയിട്ടുണ്ട്.
തൊഴിലധിഷ്ഠിത ഡിപ്ലോമ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്ന താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ സ്കോളർഷിപ്പ് നിരവധി വിദ്യാർത്ഥികൾക്ക് സഹായകമാകും . ഇന്ത്യയിലെ അംഗീകൃത സർക്കാർ പോളിടെക്‌നിക് ഇന്സ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഡിപ്ലോമ കോഴ്സുകൾക്കാണ് അംഗീകാരം ലഭിക്കുക. മൂന്ന് വർഷത്തെ കോഴ്സിന് പ്രതിവർഷം 10,000 രൂപ വീതം 550 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക.
അപേക്ഷിക്കുന്നവർ എസ്എസ് സി / എച്ച്എച്ച് സി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ ഏതെങ്കിലും സർക്കാർ അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തിൽ പ്രവേശനവും നേടിയിരിക്കണം. കോഴ്സിന്റെ ആദ്യ വർഷത്തേക്ക് എൻറോൾ ചെയ്യുന്ന വിദ്യാർഥികൾ മാത്രമേ സ്കോളർഷിപ്പിനു അർഹരാവുകയുള്ളൂ.
ഇന്ത്യയിലുടനീളം ഇന്നുവരെ, 11,290 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമായിക്കഴിഞ്ഞു. പെൺകുട്ടികൾ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾ, ഭിന്നശേഷിയുള്ള കുട്ടികൾ, സായുധ സേനാംഗങ്ങളുടെ മക്കൾ എന്നിവർക്ക് സ്കോളർഷിപ്പിന് മുൻഗണന ലഭിക്കും.
അപേക്ഷാ ഫോമും അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ ലിസ്റ്റും കെസി മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റിന്റെ (KCMET) വെബ്സൈറ്റിൽ ലഭ്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖ തീയതിയും സ്ഥലവും മുൻകൂട്ടി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kcmet.org വെബ്സൈറ്റ് സന്ദർശിക്കുകയോ maits@mahindra.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം.