കൊച്ചി: രാജ്യത്തെ വായ്പകള്‍ക്കായുള്ള ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധനവോടെ 2022 മാര്‍ച്ചില്‍ എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്തു വിട്ട ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്ററിന്‍റെ ഏറ്റവും പുതിയ പതിപ്പ് ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്‍റെ പൂര്‍ണ ആഘാതത്തിനു മുന്‍പുള്ള അവസാന മാസമായ 2020 മാര്‍ച്ചിലേതിന് (94) സമാനമായ നിലയില്‍ 2022 മാര്‍ച്ചില്‍ (95) വായ്പാ വിപണി സൂചിക എത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജനങ്ങളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ശക്തമായതും വായ്പാ രംഗത്ത് വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.
അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെട്ടത് ഭാവി വളര്‍ച്ചയ്ക്കും ഇന്ത്യന്‍ വായ്പാ വിപണിയുടെ തിരിച്ചു വരവിനും വഴി തുറന്നിട്ടുണ്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. വായ്പയ്ക്കായുള്ള ആവശ്യം വര്‍ധിക്കുകയും അതോടൊപ്പം തടസ്സങ്ങള്‍ ഒഴിവാകുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ ആവശ്യങ്ങള്‍ സ്ഥിരതയോടെ വര്‍ധിക്കുമ്പോള്‍ വായ്പാ മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.