കല്‍പറ്റ: ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് (ഡിഎംഎംസി) ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു. ആഗോള നിലവാരത്തിനോട് കിടപിടിക്കുന്ന ബയോ ഇന്‍ക്യുബേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ബിരാക് നടപ്പാക്കുന്ന ബയോനെസ്റ്റ് സ്‌കീമിന് (ബയോഇന്‍ക്യുബേറ്റേഴ്‌സ് നര്‍ച്ചറിങ് ഓണ്‍ട്രപ്രിണര്‍ഷിപ്പ് ഫോര്‍ സ്‌കേലിങ് ടെക്‌നോളജീസ് സ്‌കീം) കീഴിലാണ് സംവിധാനം ഒരുക്കുന്നത്.
ബയോടെക്, ബയോമെഡ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡിജിറ്റല്‍ ഹെല്‍ത്ത്, ഹേല്‍ത്ത്‌കെയര്‍ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ്, ബ്ലോക്‌ചെയ്ന്‍, ബയോഇന്‍ഫോമാറ്റിക്‌സ് തുടങ്ങിയവ ഉള്‍പ്പെട്ട ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജികളിലാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡിഎംഎംസിയിലെ ബയോനെസ്റ്റില്‍ 11,000 ച.അടി സ്ഥലമാണ് ഇന്‍ക്യുബേഷനായി സജ്ജമാക്കിയിരിക്കുന്നത്. 6.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ്. ആദ്യ ഘട്ടത്തില്‍ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിട്ടും 5 മുതല്‍ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വലായും സഹായം നല്‍കാനാണ് ഡിഎംഎംസി ബയോനെസ്റ്റ് ഉദ്ദേശിക്കുന്നത്. ബിരാക് ശൃംഖലയില്‍ നിന്നുള്ള 3 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹെല്‍ത്ത്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ബയോമെഡിക്കല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് എന്നീ രംഗങ്ങളില്‍ എല്ലാ വര്‍ഷവും ഫീല്‍ഡ് വാലിഡേഷന്‍ സൗകര്യമൊരുക്കും. ആദ്യ ഘട്ടത്തില്‍ 30 സ്റ്റാര്‍ട്ടപ്പുകള്‍ ബയോനെസ്റ്റില്‍ നിന്നും വിജയകരമായി ഇന്‍ക്യുബേറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തരമായി വികസിപ്പിക്കുന്ന ഹെല്‍ത്ത്‌കെയര്‍ സാങ്കേതികവിദ്യകള്‍ നിലവില്‍ രാജ്യത്ത് വളരെ കുറവാണ്. മിക്ക ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടുകയാണ്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഇന്ത്യ ആശ്രയിക്കുന്നത് മറ്റു രാജ്യങ്ങളെയാണ്. രാജ്യത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളില്‍ 80%-വും ഇറക്കുമതി ചെയ്യപ്പെടുകയാണെന്നാണ് ഈയടുത്ത് പുറത്തിറങ്ങിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ സാങ്കേതികവിദ്യകളില്‍ പലതും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുയോജ്യമായതല്ല. അതുകൊണ്ട് തന്നെ അവ നേരിട്ട് ഉപയോഗിക്കാനുമാകില്ല.
ആരോഗ്യപരിചരണ രംഗത്ത് ഉള്‍പ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടമാണ് ഇതെന്നും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ബയോനെസ്റ്റ് ഇന്‍ക്യുബേറ്റര്‍ പുതിയ ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പ്രചോദനമാകുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കണ്ടുപിടുത്തങ്ങള്‍ വിപണനം ചെയ്യാവുന്ന ഉത്പന്നങ്ങളായും സാങ്കേതികവിദ്യകളായും മാറ്റാനും അതിലൂടെ ലാബില്‍ നിന്നും വിപണിയിലേക്കുള്ള സമയം ലാഭിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും ബയോനെസ്റ്റ് ഇന്‍ക്യുബേറ്റര്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കല്‍, എഞ്ചിനീയറിങ്, ഫാര്‍മ, വെറ്ററിനറി, ബയോടെക് മേഖലകളില്‍ നിന്നുള്ള യുവസംരംഭകര്‍ക്കും ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തിനകത്തും പുറത്തുമുള്ള സെന്ററുകളുമായി ഇന്‍ക്യുബേറ്റര്‍ മെന്റര്‍ഷിപ്പിനും കോ-ഡെവലപ്പ്‌മെന്റിനും പരിശീലനത്തിനും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ബയോനെസ്റ്റ് വേദിയൊരുക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ജനസംഖ്യയില്‍ 20% ആദിവാസികളും വളരെ കുറഞ്ഞ മെഡിക്കല്‍ സൗകര്യങ്ങളുമുള്ള പിന്നോക്ക ജില്ലയായ വയനാട്ടിലാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജുള്ളത് എന്നതുകൊണ്ട് ഇവിടുത്തെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണവും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കി പ്രാദേശിക വികസനത്തിന് സഹായകമാകാനും മെഡിക്കല്‍ കോളേജിലെ ബയോനെസ്റ്റ് ലക്ഷ്യമിടുന്നു. ഇതിലൂടെ സാങ്കേതികവിദ്യ വികസനത്തിന് യുവ പ്രതിഭകളെ വാര്‍ത്തെടുക്കാനും സാധിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ്, മതര്‍സണ്‍, ഇന്റല്‍ പിക്‌സല്‍ - ഫ്യൂജി ഫിലിം, കാര്‍പ്പ്ള്‍ എന്നീ സ്ഥാപനങ്ങളാണ് നിലവില്‍ സംരംഭത്തിലെ പങ്കാളികള്‍.