കൊച്ചി: ഫെഡറൽ ബാങ്ക് ശാഖകളിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാവുന്നു. തങ്ങളുടെ ശാഖകളിലൂടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ വിതരണം നടത്താനുള്ള സമ്മതപത്രത്തിൽ ഫെഡറല്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും കൈകോര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍ സേവനദാതാക്കളാണ് സ്റ്റാർ ഹെല്‍ത്ത് ആന്റ് അലീഡ് ഇന്‍ഷുറന്‍സ്. ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 1291 ശാഖകള്‍ വഴി 89 ലക്ഷം ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ സേവനം ലഭിക്കുന്നതാണ്. ഒരു കുടയ്ക്കു കീഴില്‍ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ കൂട്ടുകെട്ടിലൂടെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് സേവനം നല്‍കാന്‍ സാധിക്കുന്നതാണെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.
ഓരോ പൗരനും അവശ്യസേവനമായി പരിഗണിക്കേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്. ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ചെലവു കുറഞ്ഞ ആരോഗ്യ പരിപാലന സംവിധാനങ്ങൾ ലഭ്യമാക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലീഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.