**കൃഷിയിടങ്ങളും കർഷകരേയും നേരിൽ കണ്ട് മന്ത്രിമാർ
മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായമുണ്ടാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. സേനാംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. കർഷകർ സമർപ്പിച്ച അപേക്ഷകളുടെ തത്സ്ഥിതി മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം നടപ്പാക്കും. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ ഏർപ്പെടുത്തുമെന്നും വി.എഫ്.പി.സി.കെ വഴി ഹൈബ്രിഡ് വിത്തുകൾ വികസിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടപ്പനക്കുന്ന്, കരകുളം, വെമ്പായം, പനവൂർ, ആനാട്, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലെ കർഷകരുമായാണ് മന്ത്രി സംവദിച്ചത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ഡി.കെ മുരളി, ജി.സ്റ്റീഫൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.