കൊച്ചി: ഐ ബി എമ്മിന്റെ പുതിയ അത്യാധുനിക ആഗോള ഇന്നവേഷന്‍ സെന്ററായ സോഫ്റ്റ്വെയർ ലാബ് കാക്കാനാട്ടെ ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സോഫ്റ്റ്വെയർ ലാബ് ഉദ്ഘാടനം ചെയ്തത്. പ്രൊഡക്ട് എന്‍ജിനീയറിങ്, ഡിസൈൺ, ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എന്നീ മേഖലകളിലെ പുതിയ ഉല്‍പ്പന്നങ്ങളുടെയും സൊലൂഷനുകളുടെയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും സെന്ററിന്റെ പ്രവർത്തനം. ആഗോള തലത്തിൽ വ്യവസായങ്ങൾക്ക് സൊലൂഷൻസ് രൂപപ്പെടുത്തുന്നതിനായി അതാത് മേഖലകളിലെ സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗങ്ങളുമായി സെന്റര്‍ സഹകരിക്കും. പ്രൊഡക്ട് ഡിസൈൻ, എന്‍ജനീയറിങ്, സപ്പോർട്ട് എന്നിവയിലൂടെ ഓട്ടോമേഷന്‍ സൊലൂഷനുകള്‍ രൂപപ്പെടുത്താന്‍ ലാബിലെ ഓട്ടോമേഷന്‍ ഇന്നൊവേഷന്‍ സെന്റര്‍ ഐ ബി എമ്മിനെയും ഐ ബി എം ഇക്കോസിസ്റ്റം പങ്കാളികളെയും സഹായിക്കുന്നതു ബിസിനസ് ഓട്ടോമേഷന്‍, എഐഒപ്എസ്(AIOps), ഇന്റഗ്രേഷൻ എന്നിവയില്‍ ഉപയോക്താക്കള്‍ക്കു പ്രയോജനം ചെയ്യും.
സർഗ്ഗാത്മകതയും പുതുമകളും ചേർത്ത് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്നവേഷൻ സെന്റർ ഊര്‍ജസ്വലവും സഹകരണത്തോടെയും പ്രവർത്തിക്കാവുന്ന തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. ബിസിനസ് ഓട്ടോമേഷൻ, എഐഒപ്എസ്, ഇന്റഗ്രേഷൻ തുടങ്ങിയ എഐ അധിഷ്ഠിത ഓട്ടോമേഷൻ മേഖലകളില്‍ ഉപയോക്താക്കളും പങ്കാളികളുമായും സഹകരിച്ച് സൃഷ്ടിക്കുന്നതിനും ഇന്നവേറ്റ് ചെയ്യുന്നതിനും സെന്ററില്‍ സമര്‍പ്പിത തൊഴിലിടങ്ങളുണ്ട്. കൊച്ചിയിലെ ഐബിഎമ്മിന്റെ വിപുലീകൃത സാന്നിധ്യം വികസനം ത്വരിതപ്പെടുത്തുകയും മേഖലയിലെ ഐടി വ്യവസായ പരിതസ്ഥിതിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
മുഖ്യമന്ത്രിക്ക് പുറമെ വ്യവസായ മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, ഐബിഎം ഡേറ്റ, എ ഐ ആന്‍ഡ് ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മല്‍, ഐബിഎം ഇന്ത്യ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ്സ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
''ഐബിഎം തങ്ങളുടെ സോഫ്റ്റ്‌വെയർ ലാബ് സ്ഥാപിക്കാൻ കൊച്ചി ഇൻഫോപാർക്ക് തിരഞ്ഞെടുത്തത് തീർച്ചയായും ആഘോഷിക്കേണ്ട ഒന്നാണ്. കേരളത്തിലെ ഐടി ഹബ്ബുകൾക്ക് ഏറ്റവും ഹരിതാഭമായ ഐടി ഇടങ്ങൾ, ഐടി പ്രൊഫഷണലുകളുടെ ഒരു ടാലന്റ് പൂൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രം, രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാമ്പത്തിക കുതിപ്പ് എന്നിവ ഈ നിക്ഷേപം ഒരിക്കൽ കൂടി കാണിക്കുന്നു. ഈ നിക്ഷേപം സാധ്യമാക്കാൻ കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഐബിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിവേഗം വളരുന്ന സാങ്കേതിക മേഖലയ്ക്ക് കൂടുതൽ ഊർജമേകി ഇത് സംഭവിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.'' ഇന്നവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
''ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ തുറക്കാന്‍ സഹായിക്കുന്നതിനു നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി, ഇവിടെയുള്ള ഡിജിറ്റല്‍ വൈദഗ്ധ്യങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തി രാജ്യത്തിനകത്തുനിന്നു തന്നെയുള്ള പുതിയ ആശയം സാധ്യമാക്കുകയെന്നതാണ് ഇന്ത്യയ്ക്കായുള്ള ഞങ്ങളുടെ കാഴ്ചപ്പാട്. ഡിജിറ്റലൈസേഷന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച്, പ്രാദേശികമായും ആഗോളമായും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള ടെക്നോളജി സൊലൂഷൻസ് സൃഷ്ടിക്കാന്‍ ഇക്കോസിസ്റ്റം പങ്കാളികളുമായും ഉപയോക്താക്കളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ വിശാലമായി ചിന്തിക്കുന്നതിനൊപ്പം പ്രതിജ്ഞാബദ്ധരുമാണ്. പ്രൊഡക്ട് ഡിസൈൻ, എന്‍ജിനീയറിങ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്നിവയിലെ ആഗോളതലത്തിലുള്ള ഞങ്ങളുടെ മികച്ച രീതികളെ ആ ലോകോത്തര വൈദഗ്ധ്യത്തിനും കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ വൈവിധ്യത്തിനുമൊപ്പം സംയോജിപ്പിക്കുന്നതു ഓട്ടോമേഷൻ സുരക്ഷിതമാക്കാനും നവീകരിക്കാനും ഉപയോക്താക്കളെ സഹായിക്കും,'' ഐ ബി എം ഡേറ്റ, എഐ ആന്‍ഡ് ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മല്‍ പറഞ്ഞു.
''കൊച്ചിയില്‍ ഞങ്ങളുടെ പുതിയ ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാന്‍ സഹായിച്ചതിനു കേരള സര്‍ക്കാരിനു നന്ദി. കൊച്ചിയിലെ ഞങ്ങളുടെ വിപുലീകൃത സാന്നിധ്യം മുഖേനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളില്‍ പ്രാദേശികമായി ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുങ്ങുന്നതും മേഖലയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കും. ഇതു ഡിജിറ്റല്‍ നവീകരണം ത്വരിതപ്പെടുത്തുന്നതിനും ഡിജിറ്റൈസേഷന്റെ മൂല്യം പൂര്‍ണമായി ഉപയോഗിക്കുന്നതിനു ചെറുകിട ഇടത്തരം ബിസിനസുകളെ ശാക്തീകരിക്കാനും സമ്പദ്വ്യവസ്ഥയ്ക്കു കൂടുതല്‍ കരുത്ത് നല്‍കാനും ഇതു സഹായകരമാവും,'' ഐ ബി എം ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ പറഞ്ഞു.
ഇന്ത്യയിലെയും ആഗോളതലത്തിലെയും ബിസിനസുകളുടെ ഡിജിറ്റല്‍വല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനായി നെക്സ്റ്റ് ജനറേഷൻ സോഫ്റ്റ്വെയര്‍ പോര്‍ട്ട്ഫോളിയോകളുടെയും ക്ലൗഡ് ഓഫറിങ്ങുകളുടെയും ഡിസൈൺ, ഡെവലപ്മെന്റ്, ഡെലിവറി എന്നിവ നിര്‍വഹിച്ചുകൊണ്ട് ഐ ബി എം ഇന്ത്യ സോഫ്റ്റ്്വെയര്‍ ലാബ്‌സ് (ഐ എസ് എല്‍) ഐ ബി എമ്മിന്റെ ടെക്നോളജി ബിസിനസിലേക്കു വിപുലമായ സംഭാവന നല്‍കുന്നു. ഐബിഎമ്മിന്റെ പാര്‍ട്ണര്‍ ഇക്കോസിസ്റ്റവുമായി സഹകരിച്ച് ഐ ബി എമ്മിന്റെ ഹൈബ്രിഡ് ക്ലൗഡ് പ്ലാറ്റ്ഫോമിനെ മുന്നോട്ടുനയിക്കാനും ഇതു സഹായിക്കുന്നു.
ആറാമത്തെ ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബാണു കൊച്ചിയിലേത്. അഞ്ചാമത്തേതു അഹമ്മദാബാദിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലും ലാബ് പ്രവര്‍ത്തിക്കുന്നു.