ടെക്സ്റ്റ്ബുക്കുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും പഠനം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും ഹയര്‍ സെക്കണ്ടറി തലം പാഠപുസ്തകങ്ങളിൽ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
ഹയര്‍ സെക്കണ്ടറി തലത്തിലെ പാഠപുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും അവയില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് എനര്‍ജൈസ്ഡ് ടെക്സ്റ്റ്ബുക്കുകള്‍ ആക്കുകയും ആണ് എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിൽ ചെയ്തത്. പ്രധാന വിഷയങ്ങളുടെ പാഠപുസ്തകങ്ങളുടെ മലയാള പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.
പാഠപുസ്തകങ്ങളില്‍ എല്ലാ അധ്യായത്തിലും ക്യൂ ആര്‍ കോഡ് പതിപ്പിച്ചിട്ടുണ്ട്. ക്യൂ ആര്‍ കോഡുമായി ചേര്‍ന്ന് ഡിജിറ്റല്‍ വിഭവം സജ്ജീകരിച്ചിട്ടുണ്ട്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തോ അതിനൊപ്പമുള്ള ആറക്ക നമ്പര്‍ ടൈപ്പ് ചെയ്തോ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിഭവങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പാഠഭാഗങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ആശയങ്ങള്‍ ലളിതമായി വിവരിക്കുന്ന വീഡിയോകളാണ് ഡിജിറ്റല്‍ വിഭവങ്ങളായി കൂടുതലായും ഉള്‍പ്പെടുത്തിരിക്കുന്നത്. പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെയാണ് ഈ ഡിജിറ്റല്‍ വിഭവങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ടെക്സ്റ്റുകളുടെ മലയാള പരിഭാഷയിലാണ് എസ്.സി.ആര്‍.ടിയില്‍ നിന്ന് തയ്യാറാക്കിയ ഡിജിറ്റല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വ്യത്യസ്ത പഠനരീതികള്‍ അവലംബിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ പഠനസാഹചര്യം ഡിജിറ്റല്‍ വിഭവങ്ങളുടെ സഹായത്തോടെ സ്വയം സൃഷ്ടിക്കാന്‍ കഴിയും. അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തിലും ടെക്സ്റ്റ് ബുക്കുകളുടേയും ക്ലാസ്സ്മുറികളുടേയും പ്രാധാന്യം കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. ടെക്സ്റ്റ്ബുക്കിനൊപ്പം തന്നെ ഡിജിറ്റല്‍ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നത് സാങ്കേതികവിദ്യയുടെ സാര്‍ത്ഥകമായ ഉപയോഗമാണ്. സാങ്കേതിക സൗകര്യങ്ങളെ അനുയോജ്യമായ രീതിയില്‍ ക്രമപ്പെടുത്തി ഉപയോഗിച്ച് പഠനം നടത്തുന്നതിനും ജീവിതവിജയം നേടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിത് പ്രേരണയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്.എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ തുടങ്ങിയവർ പങ്കെടുത്തു.