കൊച്ചി: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 5ജി ട്രയലില്‍ 5.92 ജിബിപിഎസ് എന്ന നാഴികക്കല്ല് പിന്നിട്ടതായി വോഡഫോണ്‍ ഐഡിയയും എറിക്സനും പ്രഖ്യാപിച്ചു. പൂനയിലെ 5ജി ട്രയലിലാണ് വി ഈ പുതിയ റെക്കോര്‍ഡ് സ്പീഡ് കൈവരിച്ചത്. എറിക്സണ്‍ മാസിവ് എംഐഎംഒ റേഡിയോ, സ്റ്റാന്‍ഡലോണ്‍ ആര്‍ക്കിടെക്ചറിനും എന്‍ആര്‍-ഡിസി (പുതിയ റേഡിയോ-ഡ്യുവല്‍ കണക്റ്റിവിറ്റി) സോഫ്റ്റ്വെയറിനു വേണ്ടിയുള്ള എറിക്സണ്‍ ക്ലൗഡ് നേറ്റീവ് ഡ്യുവല്‍ മോഡ് 5ജി കോര്‍ എന്നിവ ഉപയോഗിച്ച് മിഡ്-ബാന്‍ഡ്, ഹൈ-ബാന്‍ഡ് 5ജി ട്രയല്‍ സ്പെക്ട്രം എന്നിവയുടെ സംയോജനത്തിലാണ് പരീക്ഷണം നടത്തിയത്.
വി അതിന്‍റെ വാണിജ്യ നെറ്റ്വര്‍ക്കില്‍ 5ജി വിന്യസിച്ചുകഴിഞ്ഞാല്‍ 5ജി സ്റ്റാന്‍ഡലോണ്‍ എന്‍ആര്‍-ഡിസി സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എആര്‍/വിആര്‍, 8കെ വീഡിയോ സ്ട്രീമിംഗ് പോലുള്ള ലേറ്റന്‍സി സെന്‍സിറ്റീവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കുമായി സേവനം ലഭ്യമാക്കാന്‍ വിയ്ക്ക് കഴിയും. നേരത്തെ പൂനയില്‍ വി 4 ജിബിപിഎസില്‍ ഏറെ വേഗത കൈവരിച്ചിരുന്നു.
പുതിയ 5ജി അധിഷ്ഠിത ഉപയോഗങ്ങള്‍ക്കായി വി തുടര്‍ച്ചയായി പരീക്ഷണങ്ങളും തയ്യാറെടുപ്പുകളും നടത്തിവരുകയാണെന്ന് വി ചീഫ് ടെക്നോളജി ഓഫീസര്‍ ജഗ്ബീര്‍ സിംഗ് പറഞ്ഞു. മികച്ച നാളേക്ക് വേണ്ടിയുള്ള 5ജി അവതരിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5ജിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണ് 5.92 ജിബിപിഎസ് വേഗത എന്ന് എറിക്സണ്‍ വി കസ്റ്റമര്‍ കെയര്‍ മേധാവിയും വൈസ് പ്രസിഡന്‍റുമായ അമര്‍ജീത് സിംഗ് പറഞ്ഞു.
2021 നവംബറിലെ എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 2027-ഓടെ ഇന്ത്യയിലെ എല്ലാ മൊബൈല്‍ സബ്സ്ക്രിപ്ഷനുകളുടെയും 39 ശതമാനവും 5ജി ആയിരിക്കും. 2027-ഓടെ ലോകമെമ്പാടുമുള്ള മൊബൈല്‍ സബ്സ്ക്രിപ്ഷനുകളുടെ 50 ശതമാനവും 5ജിയായിരിക്കും.