കൊച്ചി: കേരളത്തിലെ ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്ടി സാഹിത്യോത്സവത്തിന്റെ ഏട്ടാമത് എഡിഷനിലേക്കുള്ള വോട്ടിങ് ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും എഴുത്തും വരയും ഒക്കെ ചേര്‍ത്ത് പിടിക്കാന്‍ പ്രതിധ്വനി നടത്തിയ സൃഷ്ടിക്ക് ആവേശകരമായ സ്വീകരണമാണ് ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ഐ.ടി ജീവനക്കാരില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ രചനകള്‍ https://prathidhwani.org/srishti/2021 ലിങ്കില്‍ ലഭ്യമാണ്. വായനക്കാര്‍ക്ക് ലിങ്ക് വഴി വോട്ട് രേഖപ്പെടുത്താം.
നൂറിലധികം ഐ.ടി കമ്പനികളില്‍ നിന്നായി ഐ.ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 09 മലയാളം ആര്‍ട്ടിക്കിള്‍, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 09 ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍ എന്നിവയാണ് മത്സരത്തിനുള്ളത്.
കലാ - സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഒരു വിദഗ്ധ ജൂറിയും രചനകള്‍ വിലയിരുത്തുന്നുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളില്‍ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. പ്രമുഖ സാഹിത്യകാരായ വി. മധുസൂദനന്‍ നായര്‍ 2014ലും സുഭാഷ് ചന്ദ്രന്‍ 2015ലും ഏഴാച്ചേരി രാമചന്ദ്രന്‍ 2016ലും ബെന്യാമിന്‍ 2017ലും കുരീപ്പുഴ ശ്രീകുമാറും കെ.ആര്‍ മീരയും 2018ലും സന്തോഷ് എച്ചിക്കാനം 2019ലും സച്ചിദാനന്ദന്‍ 2020ലും മുഖ്യാതിഥികളായി വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തിരുന്നു. ടെക്കികളുടെ മൂവ്വായിരത്തിലധികം രചനകള്‍ ആണ് ഇതുവരെ സൃഷ്ടിയില്‍ മാറ്റുരയ്ക്കപ്പെട്ടത്.