തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സുരക്ഷിത ഡിജിറ്റല്‍ മാധ്യമ ഉപയോഗത്തേയും വ്യാജ വാര്‍ത്തകളെ തിരിച്ചറിയാനുള്ള വഴികളേയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള സത്യമേവ ജയതേ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലും എത്തിക്കുന്നതിന് തിരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ അധ്യാപകര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു. ഈ പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ വഴി ഈ സാക്ഷരതാ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലേയും വിദ്യാര്‍ത്ഥികളിലെത്തും. കോവളം കെടിഡിസി സമുദ്രയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ശില്‍പ്പശാല ഉല്‍ഘാടനം ചെയ്തു. ദല്‍ഹി ആസ്ഥാനമായ ഡിജിറ്റല്‍ സാക്ഷരതാ ഏജന്‍സിയായ ഡേറ്റലീഡ്‌സ് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഉല്‍ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജ്യോതിരാജ് എം അധ്യക്ഷത വഹിച്ചു. ഡേറ്റലീഡ്‌സ് സി.ഇ.ഒ സയിദ് നസാകത് ഹുസയ്ന്‍ പരിശീലന സെഷന് നേതൃത്വം നല്‍കി.
മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളുടെ ഭാഗമായ സത്യമേവ ജയതേ ഡിജിറ്റല്‍ മാധ്യമ സാക്ഷരതാ പരിപാടിക്ക് കോളെജ് തലത്തില്‍ നേതൃത്വം നല്‍കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. ഇന്റര്‍നെറ്റിലേയും സമുഹ മാധ്യമങ്ങളിലേയും വ്യാജ വിവരങ്ങള്‍ തിരിച്ചറിയുക, ഫാക്ട് ചെക്കിങ്, ഡേറ്റ അനലിറ്റിക്‌സ് എന്നിവയിലാണ് രണ്ടു ദിവസം നീളുന്ന പരിശീലനം. ഇതു പൂര്‍ത്തിയാക്കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ ആയിരിക്കും സംസ്ഥാനത്തുടനീളമുള്ള കോളെജുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരത്തിന് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്ക് തുടര്‍ പരിശീലനം നല്‍കുക. നേരത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലേയും സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മാസ്റ്റര്‍ ട്രെയ്‌നര്‍മാരായി തെരഞ്ഞെടുത്ത സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ പദ്ധതിയാണിത്.