കള്ളക്കുറിച്ചി: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ ഇവരുടെ പേരുണ്ടായിരുന്നു. പ്രധാനാധ്യാപകന് പുറമെ രണ്ട് അധ്യാപകരേയാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടേയും സഹപാഠികളുടേയും മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. സ്‌കൂളിനെതിരെ പരാതിയുമായി നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അമിതരക്തസ്രാവമാണ് മരണകാരണം. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.റീ പോസ്റ്റ്‌മോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു . വിദഗ്ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ- പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്‌ക്കരിക്കാൻ കോടതി ആവശ്യപ്പെട്ടു.
അതേസമയം, കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ല്‍ അധികം ബസുകള്‍ തകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു. കേസിൽ 325 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. . അറസ്റ്റിലായ 325 പ്രതികളെ പൊലീസ് കള്ളക്കുറിച്ചി ജില്ലാ കോടതിയിൽ ഹാജരാക്കി.ചിന്നസേലത്തെ സംഘർഷത്തിന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം നടത്തിയ അണ്ണാ ഡിഎംകെ ഐ ടി വിംഗിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ സ്‌കൂളിന്റെ സുരക്ഷ പൊലീസ് വീണ്ടും വർദ്ദിപ്പിച്ചു. 1500 പൊലീസുകാരണ് നിലവിൽ കള്ളക്കുറിച്ചിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
ഇതിനിടെ സ്‌കൂളിലെ മറ്റൊരു അധ്യാപകനെക്കൂടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം അറസ്റ്റ് ചെയ്തു.സ്‌കൂൾ പ്രിൻസിപ്പാൾ ശിവശങ്കർ, അധ്യാപിക ശാന്തി, സ്‌കൂൾ സെക്രട്ടറി കൃതിക, മാനേജ്‌മെന്റ് പ്രതിനിധി രവികുമാർ എന്നിവരാണ് അറസ്റ്റിലായത്.സ്‌കൂളിനെതിരെ നേരത്തേയും സമാന പരാതികൾ ഉയർന്നിരുന്നതായി അധ്യാപകനും മലയാളിയുമായ ജവഹർ പറയുന്നു
അനിഷ്ടസംഭവങ്ങളുടെ സാഹചര്യത്തിൽ രണ്ട് മന്ത്രിമാർ കള്ളകുറിച്ചിക്ക് തിരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി.വിദ്യാഭ്യാസമന്ത്രി അൽപിൽ മഹേഷ് പൊയ്യാമൊഴി, പൊതുമരാമത്ത് മന്ത്രി എ.വി.വേലു എന്നിവർ കള്ളക്കുറിച്ചിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കും.പ്രത്യേക സാഹചര്യത്തിൽ ചിന്നസേലത്തെ നിരോധനാജ്ഞ 31 വരെ നീട്ടി.
പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്.ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു.പ്രതിയെ പിടിക്കാൻ സ്‌കൂൾ കത്തിച്ചാൽ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാൻ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ജഡ്ജ് സതീഷ് കുമാർ ചോദിച്ചു.