April 25, 2024

Login to your account

Username *
Password *
Remember Me

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

തിരു:വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്‌സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകൾ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവർഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി സിവിൽ സപ്‌ളൈസുമായി കൈകോർത്തുകൊണ്ട് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി തുടങ്ങാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രക്ളേശത്തിന് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്ന് ലോഫ്ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ, ലൈഫ് പദ്ധതിക്ക് പുറമെ, തീരദേശത്ത് 20,000 വീടുകൾ നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 31 അസംബ്‌ളി മണ്ഡലങ്ങളിൽ 700 വീടുകളുടെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി സെപ്റ്റംബർ 16ന് ഇതിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സീഫുഡ് റസ്‌റ്റോറന്റുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടം പണി പുരോഗമിക്കുകയാണ്. കേരളത്തിൽ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഉൾനാടൻ മത്‌സ്യകൃഷി പദ്ധതിയിലൂടെ 10600 പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്‌സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രപ്രശ്‌നത്തിന് സമുദ്ര പദ്ധതി പരിഹാരം കാണും. നിലവിൽ വാടക വാഹനത്തിലും മറ്റുമായാണ് ഇവർ നഗരത്തിലേക്ക് മത്‌സ്യം കൊണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, എം. എൽ. എമാരായ വി. കെ. പ്രശാന്ത്, കെ. ആൻസലൻ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.
Rate this item
(0 votes)
Last modified on Sunday, 29 August 2021 04:01

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.