ഓണം വാരാഘോഷത്തിനോട് അനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വടംവലി മത്സരം ആവേശകരമായി. ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്, ജനപ്രതിനിധികൾ, സർവകലാശാല, ഒളിമ്പിക്സ് അസോസിയേഷൻ, നഗരസഭ എന്നീ ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തിൽ ഒളിംപിക്‌സ് അസോസിയേഷൻ ടീം വിജയികളായി. ഫൈനലിൽ പ്രസ്സ് ക്ലബ്ബ് ടീമിനെയാണ് ഒളിംപിക്‌സ് അസോസിയേഷൻ പരാജയപ്പെടുത്തിയത്.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്മിത, സിനി ആർട്ടിസ്റ്റ് ജോബി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.