ഹൈദരാബാദ്: ഓസ്‌ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോഹ്ലിയും തകര്‍ത്തടിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ടി20 പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. ഓസീസ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാറും കോഹ്ലിയും ചേര്‍ന്ന് വിജയത്തിലേക്കെത്തിക്കുകയിരുന്നു. സൂര്യ കുമാര്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 69 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 48 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 63 റണ്‍സെടുത്തു.
ഇന്ത്യക്ക് ആദ്യം മോശം തുടക്കമായിരുന്നു. 5 റണ്‍സ് മാത്രമുള്ളപ്പോള്‍ കെ എല്‍ രാഹുല്‍(4 പന്തില്‍ 1) പുറത്തായി. സാംസിന്‍റെ പന്തില്‍ വെയ്‌ഡിന്‍റെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകല്‍. പിന്നാലെ 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സിക്‌സുകളും ബൗണ്ടറികളുമായി സൂര്യകുമാര്‍ യാദവും വിരാട് കോഹ്ലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
അർധ സെഞ്ച്വറികളുമായി ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും നടത്തിയ മിന്നും പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് 27 പന്തിൽ നിന്ന് നാല് സിക്‌സുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയിൽ 54 റൺസെടുത്തു.