ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം നിലനിര്‍ത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സന്‍ സ്വര്‍ണം നേടിയത്.
2022 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്. അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ ആണിത്.