കേരളത്തിലെ ഒരു അക്കാദമിയുടെ ഏറ്റവും ഉയര്‍ന്ന നേട്ടം
കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അക്കാദമി സംരംഭമായ കെബിഎഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയില്‍ പ്രവേശനം നേടിയവരുടെ എണ്ണം മൂവായിരം കടന്നു. കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി ഇതുവരെ നേടിയ പ്രവേശനങ്ങളില്‍ ഏറ്റവും കൂടുതലാണിത്. കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്യുക, അവര്‍ക്ക് ഫുട്‌ബോള്‍ കരിയര്‍ തുടരാനുള്ള വഴിയൊരുക്കുക എന്നിവ എക്കാലവും ക്ലബ്ബിന്റെ ദൗത്യമാണ്. ഇതിനായി 2019ല്‍ സ്‌പോര്‍ട്ഹുഡുമായി സഹകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട് ഹുഡ് അക്കാദമി (വൈബിഎസ്എ) ആരംഭിച്ചു. ഇന്ന് സംസ്ഥാനത്തുടനീളം 14 ജില്ലകളിലായി എണ്‍പതിലധികം കേന്ദ്രങ്ങള്‍ യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട് ഹുഡ് അക്കാദമിക്കുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം ഗ്രാസ് റൂട്ട് സെന്ററുകളിലായി ഒരുലക്ഷം കുട്ടികളെ പരിശീലിപ്പിക്കാനുള്ള ശേഷി പടുത്തുയര്‍ത്തുക എന്നതാണ് വൈബിഎസ്എയുടെ കാഴ്ചപ്പാട്. ഈ വര്‍ഷം (2022), 14 ജില്ലകളിലും സ്‌കൂളുകളും ഫുട്‌ബോള്‍ ടര്‍ഫുകളുമായും സഹകരിച്ച് 150 ഗ്രാസ് റൂട്ട് കോച്ചിങ് അക്കാദമികള്‍ വൈബിഎസ്എ സ്ഥാപിക്കും.
മികച്ച പ്രകടനം നടത്തുന്ന കുട്ടികള്‍ക്കും, പരീശിലന ഫീസ് താങ്ങാന്‍ കഴിയാത്തവര്‍ക്കും യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. 25% മുതല്‍ 100% വരെ ഫീസ് ഇളവ് ലഭിക്കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍. ഏറ്റവും മിടുക്കരായ കുട്ടികള്‍ക്കാണ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമ്പോള്‍ നിര്‍ധനരായ കുട്ടികള്‍ക്കാണ് വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
കേരളത്തില്‍ നിന്ന് തന്നെ സ്‌കൗട്ട് ചെയ്യപ്പെട്ടുന്ന എല്ലാ തലത്തിലുള്ള കളിക്കാരും ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിയുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു സംവിധാനം പടുത്തുയര്‍ത്തുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്ന് ഇതേകുറിച്ച് പ്രതികരിച്ച സ്‌പോര്‍ട്ഹുഡ് സിഇഒ രാഹുല്‍ ആന്റണി തോമസ് പറഞ്ഞു.
കെബിഎഫ്‌സി എല്ലായ്‌പ്പോഴും സംസ്ഥാനത്തോടും ഫുട്‌ബോള്‍ പ്രതിഭകളോടും പ്രതിജ്ഞാബദ്ധമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഴുവന്‍ സമയ (ഹോള്‍ ടൈം) ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരളത്തിലുടനീളമുള്ള ഏറ്റവും മികച്ച പ്രതിഭകളെ അവരുടെ വിജയം ഉറപ്പാക്കുന്നതിനായി ചെറിയ പ്രായത്തില്‍ തന്നെ പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ഈ ഘടന സൃഷ്ടിച്ചത്. സ്‌പോര്‍ട്ഹുഡിനൊപ്പമുള്ള ഈ യാത്രയില്‍ ഞങ്ങള്‍ ആവേശഭരിതരാണ്, ഒരുമിച്ച്, ഇനിയും നിരവധി നാഴികക്കല്ലുകള്‍ ഒരുമിച്ച് മറികടക്കാന്‍ കാത്തിരിക്കുകയാണ്-നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.