ദില്ലി: 2000 രൂപയുടെ നോട്ട് പിൻവലിക്കുന്ന തീരുമാനത്തെ പിന്തുണച്ച് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര രംഗത്ത്. 2016 നവംബർ 8 ന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു നൃപേന്ദ്ര മിശ്ര. നോട്ട് നിരോധനം ആറര വർഷം പിന്നിടുമ്പോൾ അന്നിറക്കിയ 2000 രൂപയുടെ നോട്ടാണ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 2000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ തീരുമാനം ശരിയാണെന്നാണ് നൃപേന്ദ്ര മിശ്ര ചൂണ്ടികാണിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും 'പൊതു താൽപ്പര്യം' മുൻനിർത്തി എടുത്ത തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2000 രൂപ നോട്ടുകൾ ദൈനംദിന ഇടപാടുകൾക്ക് പ്രായോഗിക കറൻസിയല്ലെന്ന പ്രധാനമന്ത്രി എല്ലാക്കാലത്തും വിശ്വസിച്ചിരുന്നു. താത്കാലികമായാണ് 2000 നോട്ട് പുറത്തിറക്കിയത്. ദൈനം ദിന ഇടപാടുകൾക്ക് 2000 നോട്ട് പ്രായോഗിക കറൻസിയല്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോൾ അത് പിൻവലിക്കാൻ തീരുമാനിച്ചത്. മാത്രമല്ല 2000 രൂപയുടെ നോട്ടുകൾ കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും ഗുണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രിക്ക് അഭിപ്രായമുണ്ടായിരുന്നു. ഇതും 2000 പിൻവലിക്കാൽ തീരുമാനത്തിന് പിന്നിലുണ്ടാകും. താഴ്ന്ന മൂല്യമുള്ള കറൻസിയാകും സാധാകരണക്കാർക്ക് ദൈനംദിന ഇടപാടുകൾക്ക് എളുപ്പമാകുകയെന്നും പ്രധാനമന്ത്രി വിശ്വസക്കുന്നതായും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു. 2000 രൂപ നോട്ടുകൾ പിൻവലിച്ചത് പ്രധാന മന്ത്രിയുടെ തീരുമാനപ്രകാരമാകും. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയെങ്കിലും ആവശ്യത്തിന് സമയമെടുത്താണ് പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നത്. 2023 സെപ്റ്റംബർ 30 വരെ കറൻസി മാറ്റിയെടുക്കാൻ സമയമുള്ളത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളുമായി 2000 രൂപ നോട്ടിന്‍റെ പിൻവലിക്കലിന് ഒരു ബന്ധവുമില്ലെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.