ദില്ലി: രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന നിർദ്ദേശം യുകെ (United Kingdom) പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ(India) ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് (Vaccine Certificate) നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് എടുത്തവരുടെ കാര്യത്തിൽ ക്വാറന്റൈൻ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.
അസ്ട്രസെനക്കയും ഓക്സ്ഫോഡും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് ഇന്ത്യയിൽ കൊവിഷീൽഡായത്. ബ്രിട്ടീഷ് നിലപാടിൽ കടുത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്കി. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്‌ട്രസുമായി ചർച്ച നടത്തി. പ്രതിഷേധം അറിയിച്ചുള്ള കുറിപ്പ് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് നൽകി. പ്രശ്നം ചർച്ച ചെയ്ത് തീർക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്. യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന വേണം, യുകെയിൽ ക്വാറൻറീനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്നുമായിരുന്നു നിബന്ധന.