ന്യൂഡൽഹി: മൂടൽമഞ്ഞും അതിശൈത്യവും രൂക്ഷമായതോടെ പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡീഗഢ്, യുപി എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർടട്ടാണ്. തണുപ്പിന്റെ കാഠിന്യം ചൊവ്വാഴ്‌ചയോടെ കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഡൽഹിയിൽ സ്വകാര്യ സ്‌കൂളുകളുടെ ശൈത്യകാല അവധി ജനുവരി 15 വരെ നീട്ടി. യുപി, ജാർഖണ്ഡ് എന്നിവിടങ്ങളിലും സ്‌കൂളുകളും അവധി നീട്ടി.
ഞായറാഴ്‌ചയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു. ഡൽഹിയിൽ കുറഞ്ഞ താപനില 1.9 രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ഒരിക്കൽമാത്രമാണ് താപനില ഇതിലും കുറഞ്ഞത്. കടുത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു. മഞ്ഞുകാരണം കാഴ്‌ചപരിധി കുറഞ്ഞതിനാൽ 480 ട്രെയിൻ വൈകി. 88 ട്രെയിൻ റദ്ദാക്കി. 31 എണ്ണം വഴിതിരിച്ചു വിട്ടു. 33 ട്രെയിൻ പാതിവഴി യാത്ര അവസാനിപ്പിച്ചു. ഡൽഹി വിമാനത്താവളത്തിൽ 20 വിമാനവും വൈകി. അടുത്ത 48 മണിക്കൂർകൂടി കൊടുംശെത്യം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.