ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു. അറ്റോർണി ജനറലാണ് ഭരണഘടനാബെഞ്ചിന് മുന്നിൽ നിയമന ഫയൽ സമർപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ അടിയന്തര നിയമനത്തിന്റെ പ്രാധാന്യമെന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയാണ് എത്തിയതെന്നും കോടതി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമീഷണർ നിയമനം സുതാര്യമാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഫയൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നവംബർ ഇരുപത്തൊന്നിനാണ് അരുൺ ഗോയൽ ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് കമീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാബെഞ്ച് പരിഗണിക്കവെയാണ് കേന്ദ്രം അരുൺഗോയലിനെ നിയമിച്ചത്. ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായ അരുൺ ഗോയലിനെ സർവീസിൽനിന്നും സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമീഷണറായി പ്രതിഷ്‌ഠിക്കുകയായിരുന്നെന്ന് ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത്‌ഭൂഷൺ ചൂണ്ടിക്കാട്ടി. സ്വയംവിരമിച്ച അരുൺ ഗോയലിനെ തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പുകമീഷണറായി നിയമിക്കുകയായിരുന്നു.
സാധാരണഗതിയിൽ വിരമിച്ച ഉദ്യോഗസ്ഥരെയാണ് കമീഷണറായി നിയമിക്കാറുള്ളതെന്നും -അദ്ദേഹം പറഞ്ഞു. തുടർന്നാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി നിർദേശിച്ചത്. നിയമനം ഒഴിവാക്കുന്നതായിരുന്നു ഉചിതമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അധികാരത്തിലുള്ള സർക്കാരുകൾ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർമാരെ കളിപ്പാവകളാക്കുന്നതായി സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവിഷയം സ്വതന്ത്രവും നിഷ്‌പക്ഷവുമായ സമിതിക്ക് വിടണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്.