കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവർത്തിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടത്. നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗവർണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ല. ബോധപൂർവമായ നിയമലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവർണർ നോക്കേണ്ടതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു.
കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണറുടെ അധികാരമുപയോഗിച്ച് പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാൽ പരാമർശം.
വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കുകയാണെങ്കിൽ നാലിന് നടക്കുന്ന സെനറ്റ് യോഗത്തിൽ പുറത്താക്കപ്പെട്ട 15 പേരെയും പങ്കെടുക്കാൻ അനുവദിക്കാമെന്ന് കോടതി നിർദേശിച്ചു. എന്നാൽ നാലിന് നടക്കുന്ന യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ കഴിയില്ലെന്ന് സർവ്വകലാശാല അറിയിച്ചു. അതിനെ തുടർന്ന് കേസിൽ വിശദവാദം കേൾക്കാൻ ബുധനാഴ്‌ചത്തേയ്‌ക്ക് മാറ്റി.
രണ്ട് സിൻഡിക്കറ്റ് അംഗങ്ങൾ, നാല് എക്‌സ് ഒഫീഷ്യോ അംഗങ്ങളും ഒമ്പത് സഥിരാംഗങ്ങളുമുൾപ്പെടെ 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് 15 സെനറ്റംഗങ്ങളെ പിരിച്ചുവിട്ടത്.